കല്ലൂപ്പാറ ∙ മത സൗഹാർദത്തിനും സഭാ ഐക്യത്തിനും പേരുകേട്ട കല്ലൂപ്പാറയുടെ മണ്ണിൽ നിന്നു മെത്രാപ്പൊലീത്ത സ്ഥാനത്തേക്ക് ഒരാൾ കൂടി. ഇന്നലെ മലങ്കര കത്തോലിക്കാ സഭ മെത്രാനായി പ്രഖ്യാപിച്ച ഫാ. ഡോ. ആന്റണി കാക്കനാട്ട് കല്ലൂപ്പാറ കടമാൻകുളം ‌പകലോമറ്റം തറവാട്ടിൽ കുന്നുംപുറത്ത് കാക്കനാട്ടിൽ പരേതനായ കെ.കെ.വർഗീസിന്റെയും സാറമ്മയുടെയും 8 മക്കളിൽ ആറാമനാണ് .ക‍ടമാൻകുളം തിരുഹൃദയ മലങ്കര കത്തോലിക്കാ പള്ളി ഇടവകയിൽ നിന്നുള്ള മൂന്നാമത്തെ മെത്രാപ്പൊലീത്തകൂടിയാണ് ഫാ. ആന്റണി. മലങ്കര കത്തോലിക്കാ സഭയുടെ അധ്യക്ഷനായിരുന്ന ആർച്ച് ബിഷപ് ഡോ. ബനഡിക്ട് മാർ ഗ്രിഗോറിയോസ് ഇടവകയിലെ തങ്ങളത്തിൽ കുടുംബാംഗമാണ്. മൂവാറ്റുപുഴ രൂപതാധ്യക്ഷ സ്ഥാനത്തുനിന്നു വിരമിച്ച ഡോ. ഏബ്രഹാം മാർ യൂലിയോസും ഈ ഇടവകാംഗവും പുതിയ ബിഷപ്പിന്റെ അടുത്ത ബന്ധുവുമാണ്. 1930ൽ ദൈവദാസൻ മാർ ഇവാനിയോസിനൊടൊപ്പം പുനരൈക്യപ്പെട്ടവരിൽ പുതിയ ബിഷപ്പിന്റെ വല്യപ്പച്ചനും ഉൾപ്പെടുന്നു.

വേദശാസ്ത്ര പണ്ഡിതനായ ഫാ. ഡോ. ആന്റണി കാക്കനാട്ട് തികഞ്ഞ കായികപ്രേമി കൂടിയാണ്. പുതുശേരി എംജിഡി ഹൈസ്കൂളിലെ മികച്ച ഫുട്ബോൾ കളിക്കാരനായിരുന്നു. തിരുവല്ല മൈനർ സെമിനാരിയിൽ എത്തിയപ്പോൾ ബാസ്കറ്റ് ബോളിനോടും പ്രിയമായി. വൈദികനായ ശേഷവും നാട്ടിലെത്തുമ്പോൾ നാട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിയും പതിവായിരുന്നു.കടമാൻകുളത്തിന് സമീപമുള്ള കുടുംബ വീട്ടിൽ ഇപ്പോൾ ആരും താമസമില്ല. 5 വർഷം മുൻപ് പിതാവ് മരിച്ചു. മാതാവ് സാറാമ്മ (94) ആലപ്പുഴയിൽ മകൻ ബാബുവിനൊപ്പമാണ് താമസം.