ഇമ്മാനുവേല്‍ മാര്‍തോമ്മ ഇടവകാംഗം ഡീക്കന്‍ ജെയ്സണ്‍ വര്‍ഗീസ് മാര്‍ത്തോമാ സഭ നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ.ഐസക്ക് മാര്‍ ഫീലക്സിനോസ് എപ്പിസ്‌കോപ്പയില്‍ നിന്ന് കശ്ശീശാ പട്ടം സ്വീകരിച്ചു. ഏപ്രില്‍ 30 നു ശനിയാഴ്ച രാവിലെ ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ദേവാലയത്തില്‍ നടന്ന ശുശ്രൂഷകള്‍ ഭക്തിനിര്‍ഭരമായിരുന്നു. രാവിലെ 7:30 നു ഗായകസംഘത്തിന്റെ നേതൃത്വത്തില്‍ ആലപിച്ച “സേനയിന്‍ യഹോവയെ നീ വനസേനയോടെഴുന്നള്ളേണമേ ശാലേമിതില്‍ ” എന്ന ഗീതത്തിന്റെ അകമ്ബടിയോടെ വൈദികര്‍ ദേവാലയത്തിനുള്ളിലേക്ക് പ്രവേശിച്ചു.

തുടര്‍ന്ന് ശുശ്രൂഷയുടെ ആദ്യഭാഗമായി അഭിവന്ദ്യ തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന ശുശ്രൂഷ ആരംഭിച്ചു.

ഓസ്റ്റിന്‍ മാര്‍ത്തോമാ ഇടവക വികാരി റവ. ഡെന്നിസ് എബ്രഹാം ശുശ്രൂഷ മദ്ധ്യേ ധ്യാന പ്രസംഗം നടത്തി. കൊലോസ്സിയര്‍ 3 : 12 – 17 വരെയുളള വാക്യങ്ങളെ ആധാരമാക്കി നടത്തിയ വചന ശുശ്രൂഷയില്‍ കശ്ശീശാ പട്ടത്വത്തിലേക്കു പ്രവേശിക്കുന്ന ജെയ്സണ്‍ ശെമ്മാശന് വേണ്ട ഉപദേശങ്ങള്‍ വേദപുസ്തകാടിസ്ഥാനത്തില്‍ നല്‍കി. “ഓര്‍ക്കുക, നിന്നെ ആരാണ് വിളിച്ചിരിക്കുന്നത്? നീ എവിടെ നിന്ന് വന്നിരിക്കുന്നു? നിന്നെ വിളിച്ചിരിക്കുന്ന വിശ്വസ്തനായ ദൈവകരങ്ങളില്‍ നീ പൂര്‍ണമായി സമര്‍പ്പിക്കുക. വാക്കിനാലോ ക്രിയയാലോ എന്ത് ചെയ്താലും കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ ചെയ്യുക. അന്യോന്യം സ്‌നേഹിച്ചും കരുതിയും പരിശുദ്ധാത്മാവിന്റെ നടത്തിപ്പിന് കീഴ്പെട്ടു ചെയ്യുക” അച്ചന്‍ ധ്യാനപ്രസംഗത്തില്‍ ഉത്‌ബോധിപ്പിച്ചു.

തുടര്‍ന്ന് നടന്ന പ്രത്യേക ശുശ്രൂഷ മദ്ധ്യേ അഭിവന്ദ്യ തിരുമേനിയുടെ മുമ്ബില്‍ ശെമ്മാശ്, കശീശയായി സ്ഥാനമേല്കുന്നതിനുള്ള സത്യപ്രതിജ്ഞ ഏറ്റു ചൊല്ലി. തുടര്‍ന്ന് കശീശ്ശായുടെ പദവിയിലേക്കു ഉയര്‍ത്തപ്പെടുന്നതിന്റെ അടയാളമായി സ്ഥാനവസ്ത്രമായ “കാപ്പ” തിരുമേനി ശെമ്മാശന് നല്‍കി. അതെ തുടര്‍ന്ന് തിരശീല മറച്ചു വൈദികര്‍ ശെമ്മാശനെ കാപ്പ (കുര്‍ബാന കുപ്പായം) അണിയിച്ചു. തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബാന ശുശ്രൂഷയില്‍ അഭിവന്ദ്യ തിരുമേനിയോടൊപ്പം റവ. ജയ്‌സണ്‍ വര്‍ഗീസ് കശീശ സഹകാര്‍മ്മികനായി.

വികാരി ജനറല്‍ റവ. ഡോ. ചെറിയാന്‍ തോമസ്, റവ.ഡോ. ഈപ്പന്‍ വര്‍ഗീസ്, റവ.സാം.കെ.ഈശോ, റവ. റോഷന്‍ വി. മാത്യൂസ്, റവ. തോമസ് മാത്യു പി, റവ. സോനു വര്‍ഗീസ്, റവ. ലാറി വര്‍ഗീസ്, റവ. ഡെന്നിസ് എബ്രഹാം, റവ. ജെസ് മാത്യു ജോര്‍ജ്, റവ ജെസ്വിന്‍ സൈമണ്‍ ജോണ്‍, റവ. എ.വി.തോമസ് (എപ്പിസ്കോപ്പല്‍ ചര്‍ച്ച്‌) എന്നീ വൈദികശ്രേഷ്ഠരും ശുശ്രൂഷകളില്‍ പങ്കെടുത്തു നേതൃത്വം നല്‍കി.

മാര്‍ത്തോമാ സഭയില്‍ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തില്‍ അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന് പട്ടക്കാരായവരില്‍ 14 മത്തെ കശീശയാണ് റവ. ജെയ്സണ്‍ വര്‍ഗീസ്. ടെക്സസില്‍ നിന്നുള്ള ഏഴാമത്തെ പട്ടക്കാരനും ഹൂസ്റ്റണില്‍ നിന്നുള്ള രണ്ടാമത്തെ പട്ടക്കാരനുമാണ്. ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവകയിലെ റവ. ലാറി വര്‍ഗീസ് ആണ് ഹൂസ്റ്റണില്‍ നിന്നുള്ള ആദ്യ മാര്‍ത്തോമാ പട്ടക്കാരന്‍.

ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവകാംഗങ്ങളായ പന്തളം ജെയ്സണ്‍ കോട്ടേജില്‍
(റാന്നി ചെള്ളേത്ത് പടിഞ്ഞേറെതില്‍) തോമസ് വര്‍ഗീസിന്റെയും അന്നമ്മ വര്‍ഗീസിന്റെയും മകനാണ് റവ. ജെയ്സണ്‍ വര്‍ഗീസ്. യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റണില്‍ നിന്ന് ബിരുദം (റിലീജിയന്‍) എടുത്ത അച്ചന്‍ കോട്ടയം മാര്‍ത്തോമാ വൈദിക സെമിനാരിയില്‍ നിന്ന് വൈദിക ബിരുദവും കരസ്ഥമാക്കി. മാര്‍ച്ച്‌ 11 ന് വെള്ളിയാഴ്ച പന്തളം മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച്‌ നടന്ന ശുശ്രൂഷയില്‍ അഭിവന്ദ്യ ഡോ.എബ്രഹാം മാര്‍ പൗലോസ് എപ്പിസ്കോപ്പയില്‍ നിന്ന് ശെമ്മാശ്ശ് പട്ടം സ്വീകരിച്ചു.

പട്ടംകൊട ശുശ്രൂഷയുടെ അനുഗ്രഹീതമായ നടത്തിപ്പിന് ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവക എക്സിക്യൂട്ടീവ് കമ്മിറ്റി നേതൃത്വം നല്‍കി. ഹൂസ്റ്റണ്‍, ഡാളസ്, ഓസ്റ്റിന്‍ തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി സഭാജനങ്ങളും ശുശ്രൂഷകളില്‍ സംബന്ധിച്ചു.

ഇമ്മാനുവേല്‍ ഇടവക വികാരി റവ. ഡോ. ഈപ്പന്‍ വര്‍ഗീസ് നന്ദി പ്രകാശിപ്പിച്ചു.

11:30 നു സമാപിച്ച ഭക്തിസാന്ദ്രമായ ശുശ്രൂഷയ്ക്ക് ശേഷം വിഭവസമൃദ്ധമായ ഭക്ഷണവും ഉണ്ടായിരുന്നു.

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി