തീർത്തും ഫോം മങ്ങി നിൽക്കുന്ന വിരാട് കോഹ്ലിക്ക് നീണ്ട വിശ്രമം അനുവദിക്കാൻ തീരുമാനം. ഐപിഎല്ലിൽ ബാറ്റിംഗിൽ തീർത്തും പരാജയമായി മാറിക്കഴിഞ്ഞ വിരാടിന് വരാനിരിക്കുന്ന ദക്ഷിണാഫ്രിക്ക-അയർലാന്റ് പര്യടനത്തിൽ വിശ്രമം അനുവദിക്കുമെന്നാണ് സെലക്ടർമാർ നൽകുന്ന സൂചന.

കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഒരു സെഞ്ച്വറിപോലും അടിക്കാനാകാത്ത കോഹ്ലി നായകസ്ഥാന വിവാദത്തിലും പെട്ട് തീർത്തും ഫോം മങ്ങിനിൽക്കേയാണ് ഐപിഎല്ലിലെ നായക സ്ഥാനവും ഒഴിഞ്ഞത്. ഐപിഎല്ലിൽ ഇതുവരെ ആകെ രണ്ടു തവണമാത്രമാണ് 40ന് മുകളിൽ സ്‌കോർ ചെയ്തത്.

വിരാട് കോഹ്ലി വരാനിരിക്കുന്ന ടി20 ലോകകപ്പിനായി തയ്യാറാകേണ്ടതുണ്ട്. അതിന് മുമ്പായി മാനസികമായ എല്ലാ പിരിമുറുക്കവും ഇല്ലാതാക്കിവേണം താരം ഇറങ്ങേണ്ടത്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ അവസരം നൽകുക മാത്രമാണ് പോംവഴിയെന്നും സെലക്ടർമാർ നിർദ്ദേശിച്ചിരിക്കുകയാണ്. കോഹ്ലിക്കൊപ്പം മറ്റ് ചില താരങ്ങൾക്കുകൂടി വിശ്രമം നൽകുമെന്നാണ് സൂചന. വേണ്ടിവന്നാൽ വിരാടിനെ ഐപിഎല്ലിലെ ബാക്കി മത്സരങ്ങളിൽ നിന്ന് പിൻവലിച്ചാലും തെറ്റില്ലെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം രവിശാസ്ത്രിയും അഭിപ്രായപ്പെട്ടുകഴിഞ്ഞു.