മഹിന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹിന്ദ്രയുടെ പോസ്റ്റുകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ടെസ്ല സിഇഒ ഇലോൺ മസ്‌കിനെ ടാഗ് ചെയ്ത് ആനന്ദ് മഹീന്ദ്ര പങ്കുവെച്ച പോസ്റ്റ് ഇപ്പോൾ ശ്രദ്ധനേടുകയാണ്. ഇലോൺ മസ്‌കിനെ ടാഗ് ചെയ്ത് ഒരു കാളവണ്ടിയുടെ ചിത്രമാണ് ആനന്ദ് മഹീന്ദ്ര പോസ്റ്റ് ചെയ്തത്. യഥാർത്ഥ ടെസ്ല വാഹനം ഇന്ത്യയ്‌ക്ക് സ്വന്തം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്ധനം വാങ്ങേണ്ട, മലിനീകരണം ഇല്ല, മൊത്തം സെൽഫ് ഡ്രൈവ് മോഡും. വീട്ടിൽനിന്ന് ജോലി സ്ഥലത്തേയ്‌ക്ക് സമാധാനമായി യാത്ര ചെയ്യാം. വേണമെങ്കിൽ ചെറിയ മയക്കവുമാകാം. പഴയ കാളവണ്ടിക്കാലം തിരിച്ചു കൊണ്ടുവരിക എന്ന ആശയമാണ് മഹിന്ദ്ര പങ്കുവെച്ചിരിക്കുന്ന കുറിപ്പിൽ പറയുന്നത്. ഡ്രൈവറിന്റെ സഹായമില്ലാതെ പ്രവർത്തിക്കുന്ന സെൽഫ് ഡ്രൈവ് കാറുകൾ ടെസ്ല പുറത്തിറക്കിയിരുന്നു.

ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ടെസ്ല കാറുകൾ നേരത്തെ സെറ്റ് ചെയ്തു കൊടുക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് ഉടമയെ ലക്ഷ്യസ്ഥാനത്ത് എത്തിക്കും. പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്നതിനാൽ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നില്ലെന്നതാണ് ടെസ്ല വാഹനങ്ങളുടെ മറ്റൊരു പ്രത്യേകത. ഇക്കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്.