യുഎഇയിൽ താമസിക്കുന്ന അല്ലെങ്കിൽ വിദേശ യാത്ര നടത്തുന്ന ഇന്ത്യക്കാർക്ക് പണം ഓൺലൈനായി കൈമാറുന്നതിന് ഇനി യുപിഐ(യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) ആപ്പുകൾ ഉപയോഗിക്കാൻ സാധിക്കും. ഗൾഫ് രാജ്യങ്ങളിലെ കടകളിലും റീടെയിൽ സ്റ്റോറുകളിലും യുപിഐ ഭീം ആപ്പ് ഉപയോഗിച്ച് ഇനി പണമടയ്‌ക്കാവുന്നതാണ്. പണമിടപാടുകൾ നടത്തുന്നതിനായി ഉപയോക്താക്കൾക്ക് ഇന്ത്യയിൽ യുപിഐ അധിഷ്ഠിത ബാങ്ക് അക്കൗണ്ട്, ഭീം മൊബൈൽ ആപ്പ് എന്നിവ ഉണ്ടായിരിക്കണം.

വിദേശ രാജ്യങ്ങൾ സന്ദർശിക്കാനെത്തുന്ന ഇന്ത്യക്കാർക്ക് ഇത് വളരെയധികം ഉപകാരപ്രദമാകുമെന്ന് എൻപിസിഐ ഇന്റർനാഷണൽ പേയ്‌മെന്റ്‌സ് ലിമിറ്റഡ് സിഇഒ റിതേഷ് ശുക്ല പറഞ്ഞു. എന്നാൽ യുഎഇയിൽ എല്ലായിടത്തും ഈ സേവനം ലഭ്യമാകില്ല. നിയോപേ ടെർമിനലുകൾ ഉള്ള വ്യാപാര സ്ഥാപനങ്ങളിൽ മാത്രമേ ഇത് സ്വീകരിക്കൂ.

യുപിഐ ഇടപാടുകൾ നടത്തുന്നതിനായി ഉപയോക്താക്കൾക്ക് ഇന്ത്യയിൽ ബാങ്ക് അക്കൗണ്ട് ആവശ്യമാണ്. ഭീം പോലുള്ള യുപിഐ പേയ്‌മെന്റ് ആപ്പുകളും മൊബൈലിൽ ഉണ്ടെങ്കിലേ ഓൺലൈൻ ഇടപാടുകൾ നടത്താൻ സാധിക്കൂ.

ഇന്ത്യക്കാർക്ക് തടസ്സമില്ലാത്ത ഇടപാടുകൾ നടത്താനായി എൻപിസിഐയുടെ അന്താരാഷ്‌ട്ര വിഭാഗമായ എൻഐപിഎൽ നിരവധി അന്താരാഷ്‌ട്ര സാമ്പത്തിക സേവന ദാതാക്കളുമായി പങ്കാളിത്തതിൽ ഏർപ്പെട്ടിട്ടുണ്ട്. ഭൂട്ടാനിലും നേപ്പാളിലും യുപിഐ അംഗീകരിച്ചിട്ടുണ്ട്, ഈ വർഷാവസാനം സിംഗപ്പൂരിൽ ഇത് അംഗീകരിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.