റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും കത്തുകൾ കൈമാറിയെന്ന് പാകിസ്ഥാൻ മാധ്യമ റിപ്പോർട്ട്. പൊതുശ്രദ്ധ ഒഴിവാക്കാൻ മാദ്ധ്യമങ്ങളുടെ ശ്രദ്ധയിൽ പെടാതിരിക്കാനാണ് കത്തിലൂടെ വിവരം കൈമാറിയത്.

ഇമ്രാൻ ഖാനെ പുറത്താക്കിയതിന് ശേഷം ഷെഹ്ബാസ് പാകിസ്താൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് സഹകരണം ശക്തിപ്പെടുത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ഇരുരാജ്യങ്ങളും കത്ത് കൈമാറിയത്. പുതിയ പാകിസ്താൻ പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പിനെ അഭിനന്ദിച്ച് പുടിൻ കത്തെഴുതിയതായി പാകിസ്താൻ വിദേശകാര്യ ഓഫീസ് ഉദ്യോഗസ്ഥൻ പാക് ദേശീയമാദ്ധ്യമത്തോട് പറഞ്ഞു.

റഷ്യയും പാകിസ്താൻ തമ്മിലുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള ആഗ്രഹം പുടിൻ പ്രകടിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. അഫ്ഗാനിസ്ഥാനിലെ ഉഭയകക്ഷി സഹകരണത്തെക്കുറിച്ച് സമാനമായ വികാരങ്ങൾ പ്രകടിപ്പിച്ച് ഷെഹ്ബാസ് മറുപടി കത്തെഴുതി. പുതുതായി നിയമിതനായ പാകിസ്താൻ പ്രധാനമന്ത്രിക്ക് നേരത്തെ പുടിൻ റഷ്യൻ എംബസിയുടെ ട്വീറ്റിലൂടെ തന്റെ ആശംസകൾ നേർന്നിരുന്നു.

ഷെഹ്ബാസിന്റെ പ്രവർത്തനങ്ങൾ പാകിസ്ഥാൻ-റഷ്യ സഹകരണം കൂട്ടുമെന്നും വികസനത്തിനും അഫ്ഗാൻ വിഷയത്തിലും രാജ്യാന്തര ഭീകരതയെ ചെറുക്കുന്നതിനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പുടിൻ പറഞ്ഞു.

ഇസ്ലാമാബാദിലെ പുതിയ സർക്കാർ പാശ്ചാത്യരാജ്യങ്ങളുമായുള്ള ബന്ധം പുനഃസ്ഥാപിക്കുമെന്ന് പാക് മാദ്ധ്യമങ്ങളും വ്യക്തമാക്കുന്നു. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസ്താവനകൾ രാജ്യത്തിനുണ്ടാക്കിയ മോശം പ്രതിച്ഛായ മാറ്റാൻ പുതിയ സർക്കാരിന് യുഎസുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതു വഴി സാധിക്കുമെന്നും മാദ്ധ്യമങ്ങൾ വിശ്വസിക്കുന്നു.

ഷെഹ്ബാസ് ഷെരീഫ് ഇമ്രാൻഖാന്റെതുപോലുള്ള സമീപനവും വാക്കുകളും ഒഴിവാക്കുകയും പാക്കിസ്താന്റെ വിദേശതാൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ആശാസ്യമായത് ചെയ്യുമെന്നും മാദ്ധ്യമങ്ങൾ വിലയിരുത്തുന്നു.