സംസ്ഥാനത്ത് ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിൽ രണ്ടെണ്ണത്തിൽ വിജയസാദ്ധ്യതയുണ്ടെന്ന് എൽഡിഎഫ് വിലയിരുത്തൽ. ഓരോ സീറ്റുകൾ വീതം സിപിഐയും സിപിഎമ്മും പങ്കിട്ടെടുക്കാനാണ് എൽഡിഎഫിന്റെ തീരുമാനമെന്ന് എൽഡിഎഫ് യോഗത്തിന് ശേഷം കൺവീനർ എ വിജയരാഘവൻ പറഞ്ഞു.

സീറ്റ് വിഭജനം സംബന്ധിച്ച് ഒരു പൊതുചർച്ച നടത്തിയിട്ടുണ്ട്. എല്ലാ കക്ഷികളുടെയും അഭിപ്രായങ്ങൾ കേട്ട ശേഷമാണ് തീരുമാനത്തിലെത്തിയത്. പൊതുസാഹചര്യം പരിശോധിച്ച് സിപിഐഎമ്മും സിപിഐയും മത്സരിക്കാനുളള അഭിപ്രായമാണ് ഉയർന്നത്. അതനുസരിച്ചാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിനാണ് ഏറ്റവും കൂടുതൽ എംഎൽഎമാരുളളത്. സിപിഐയ്‌ക്കും അംഗബലമുണ്ട്. ഇത് മാത്രമല്ല, പൊതുവായ ഇന്നത്തെ സ്ഥിതിയും തീരുമാനത്തിന് പിന്നിലുണ്ട്. ഓരോ ഘടകകക്ഷികളും അവരുടേതായ അഭിപ്രായങ്ങൾ രേഖപ്പെടുത്തി എന്നാൽ രണ്ട് പാർട്ടികൾ മത്സരിച്ചാൽ മതിയെന്ന പൊതുധാരണയിലെത്തുകയായിരുന്നുവെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

പാർട്ടി യോഗങ്ങൾ ചേർന്നാണ് സിപിഎം സ്ഥാനാർത്ഥിയെ തീരുമാനിക്കുക. വെള്ളിയാഴ്ച പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഉണ്ട്. അതിൽ പാർട്ടിയുടെ സ്ഥാനാർത്ഥിയെ സംബന്ധിച്ച് ധാരണയുണ്ടാകും. അതേസമയം രാജ്യസഭാ സീറ്റിലേക്ക് സിപിഐ സ്ഥാനാർത്ഥിയായി പി.സന്തോഷ് കുമാറിനെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചു.
കണ്ണൂർ ജില്ലാ സെക്രട്ടറിയാണ് സന്തോഷ് കുമാർ. സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനം

പുതിയ മദ്യനയം മുന്നണിയുടെ മുൻപിലുണ്ടെന്നും കുറച്ച് ദിവസങ്ങൾക്കുളളിൽ തീരുമാനമെടുക്കുമെന്നും വിജയരാഘവൻ പറഞ്ഞു. അതേസമയം ബസ് ചാർജ്ജ് വർദ്ധന മുന്നണിയുടെ മുൻപിലെത്തിയിട്ടില്ലെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു.