കജോളിനെ നായികയാക്കി നടി രേവതി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ‘സലാം വെങ്കി’ യുടെ ചിത്രീകരണം ആരംഭിച്ചു.

വെള്ളിയാഴ്ച, കജോള്‍ രേവതിയുമൊത്തുള്ള ചിത്രത്തിന്റെ പൂജയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു.

ദുഷ്‌കരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടിവന്ന സുജാത എന്ന അമ്മയുടെ പോരാട്ടമാണ് സലാം വെങ്കിയുടെ കഥ ഉയര്‍ത്തിക്കാട്ടുന്നത്. യഥാര്‍ത്ഥ ജീവിത സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം.

സമീര്‍ അറോറയാണ് ചിത്രത്തിന്റെ രചന. ബിലീവ് പ്രൊഡക്‌ഷന്‍സ്, ടേക്ക് 23 സ്റ്റുഡിയോസ് പ്രൊഡക്‌ഷന്‍ എന്നീ ബാനറുകളില്‍ സൂരജ് സിങ്, ശ്രദ്ധ അഗ്രവാള്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്.

11 വര്‍ഷത്തെ ഇടവേളക്ക് ശേഷം രേവതി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടി സലാം വെങ്കിക്ക് ഉണ്ട്.