യുഎഇയിലെ ജനസംഖ്യ വിദേശികളടക്കം ഈ വര്‍ഷം ഒരു കോടിയിലേക്കെന്ന് റിപ്പോര്‍ട്ട്. ഗ്ലോബല്‍ മീഡിയ ഇന്‍സൈറ്റ് റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍.

അറബ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളത് യുഎഇ ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ദുബായ് സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം രാജ്യത്തെ ജനസംഖ്യ 34 ലക്ഷമാണെന്ന് ഗ്ലോബല്‍ മീഡിയ ഇന്‍സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഷാര്‍ജയില്‍ 17 ലക്ഷവും അബുദാബിയില്‍ 15 ലക്ഷവുമാണ് ജനസംഖ്യ.

യുഎഇയില്‍ 25 മുതല്‍ 64 വയസ്സു വരെ പ്രായമുള്ള 70 ലക്ഷം ആളുകളാണുള്ളത്. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ദുബായിലെ ജനസംഖ്യ ഏകദേശം ഇരട്ടിയാകുമെന്ന് ദുബായ് സ്റ്റാറ്റി്റ്റിക്‌സ് സെന്റര്‍ നേരത്തെ പ്രവചിച്ചിരുന്നു. കൊറോണക്ക് ശേഷം ജനസംഖ്യ വര്‍ധിക്കുമെന്നാണ് വിദഗ്ധരുടെ പ്രവചനം. മാസങ്ങള്‍ക്കുള്ളില്‍ ഇത് 35ലക്ഷം വരെ എത്തിച്ചേരാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തെ ഉയര്‍ന്ന ജനനനിരക്കും കുറഞ്ഞ മരണനിരക്കും മികച്ച ആരോഗ്യ സംവിധാനവുമെല്ലാം ജനസംഖ്യ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. പ്രാസികളുടെ വര്‍ധനവും ഇതിന് കാരണമായിട്ടുണ്ടെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

യുഎഇയിലെ മികച്ച തൊഴിലവസരങ്ങളാണ് വിദേശികള്‍ ഇവിടെ താമസമാക്കുന്നതില്‍ പ്രധാന കാരണം. എക്‌സ്‌പോ 20-20 വന്നതോടെ തൊഴില്‍ വിപണിയില്‍ പുത്തന്‍ ഉണര്‍വ്വുണ്ടെയെന്നും ഈ വര്‍ഷം തൊഴില്‍ വിപണി കൂടുതല്‍ മെച്ചപ്പെടുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

2021ല്‍ യുഎഇയിലെ ജനസംഖ്യ 99.9 ലക്ഷം ആണ്. ഇതില്‍ പ്രവാസികള്‍ 88.4 ലക്ഷമുണ്ട്. 2020ലെ മൊത്തം ജനസംഖ്യയില്‍ ഏകദേശം ഒരു ലക്ഷത്തോളം വര്‍ധനവ് സംഭവിച്ചു.