അഹമ്മദാബാദ്‌: കാനഡയില്‍നിന്ന്‌ അനധികൃതമായി യു.എസിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ കൊടുംതണപ്പില്‍ മരവിച്ചു മരിച്ച ഗുജറാത്തി കുടുംബത്തിന്റെ ദുരന്തം വെളിപ്പെടുത്തുന്നതു ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.

മനുഷ്യക്കടത്തിനു കൂട്ടുനിന്ന ലോക്കല്‍ ഏജന്റ്‌ ഇത്തരത്തിലുള്ള പത്തുകുടുംബങ്ങളെ മൂന്നുവര്‍ഷത്തിനിടെ കാനഡയില്‍നിന്ന്‌ യു.എസിലേക്ക്‌ കയറ്റാന്‍ ശ്രമിച്ചെന്നാണു വിവരം. അവരില്‍ മൂന്നു കുടുംബങ്ങളെപ്പറ്റി ഒരു വിവരവുമില്ല. യാത്ര ആരംഭിച്ച ശേഷം അവര്‍ വീട്ടുകാരുമായി ബന്ധപ്പെട്ടിട്ടില്ല.
ഗുജറാത്തിലെ സി.ഐ.ഡി. വിഭാഗം മരണവുമായി ബന്ധപ്പെട്ട അന്വേഷണം തുടങ്ങി. ജഗ്‌ദീഷ്‌ പട്ടേല്‍ (35), ഭാര്യ വൈശാലി(33), മക്കളായ വിഹങ്ക (12), ധാര്‍മിക്‌ (3) എന്നിവരാണു മഞ്ഞില്‍ മരവിച്ചു മരിച്ചത്‌. ഗാന്ധിനഗറിലെ നവ ദിന്‍ഗുച്ച ഗ്രാമക്കാരാണ്‌ അവര്‍.
കാനഡയില്‍നിന്നു യു.എസിലേക്ക്‌ ആളുകളെ കടത്തുന്ന ആഗോള മനുഷ്യക്കടത്തു ശൃംഖലയാണ്‌ ഗുജറാത്തിന്റെ കുടുംബത്തെയും അതിര്‍ത്തി കടത്തിയത്‌. യു.എസ്‌.-കാനഡ അതിര്‍ത്തിയിലൂടെ മൈനസ്‌ 35 ഡിഗ്രി സെല്‍ഷ്യസ്‌ താപനിലയില്‍ 11 മണിക്കൂറാണ്‌ അവര്‍ സഞ്ചരിച്ചത്‌. മൃതദേഹങ്ങള്‍ യു.എസ്‌. അതിര്‍ത്തിയില്‍നിന്ന്‌ 10 മീറ്റര്‍ മാറി കനേഡിയന്‍ ഭാഗത്താണു കണ്ടെത്തിയത്‌.