ചലച്ചിത്ര താരം മമ്മൂട്ടിയുടെ(Mammootty) ആയുരാരോഗ്യ സൗഖ്യത്തിനായി മൃത്യുഞ്ജയ ഹോമവും മറ്റ് വഴിപാടുകളും നടന്നു. മലപ്പുറം തൃപ്രങ്ങോട് ശിവക്ഷേത്രത്തിലായിരുന്നു വഴിപാട് നടന്നത്. മ​മ്മൂ​ട്ടി​യു​ടെ ജ​ന്മ​നാ​ളാ​യ വി​ശാ​ഖം നാ​ളി​ലാ​ണ് ര​ണ്ട് മ​ണി​ക്കൂ​ർ നീ​ണ്ട ഹോ​മം ന​ട​ന്ന​ത്. ന​ട​ൻ ദേ​വ​നും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

ക്ഷേത്രം മുഖ്യതന്ത്രി ബ്രഹ്മശ്രീ കല്‍പ്പുഴ കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ ഏഴോളം തന്ത്രിമാര്‍
ചടങ്ങിൽ പങ്കെടുത്തു. മമ്മൂട്ടിക്കായി അദ്ദേഹത്തിന്റെ പി.എയും നടന്‍ ദേവനും നിരവധി ഭക്തരുമാണ് ബുക്ക് ചെയ്തിരുന്നത്.

ലോകം മുഴുവന്‍ മഹാമാരി പടര്‍ന്നു പിടിക്കുമ്പോള്‍ നാടിന്റെയും ജനങ്ങളുടെയും രക്ഷക്കാണ് ഹോമം നടത്തിയതെന്ന് ദേവസ്വം അധികൃതര്‍ പറഞ്ഞു. മമ്മൂട്ടിക്ക് വേണ്ടി പ്രാര്‍ഥിച്ച ദേവന്‍ തന്ത്രിയില്‍ നിന്നും നെയ്യും കരിപ്രസാദവും വാങ്ങിയാണ് മടങ്ങിയത്. എല്ലാവര്‍ക്കും ആയുരാരോഗ്യ സൗഖ്യത്തിനും ദീര്‍ഘായുസ്സ് ലഭിക്കാനും സകലദോഷ പരിഹാരങ്ങള്‍ക്കുമായാണ് മൃത്യുഞ്ജയനായ തൃപ്രങ്ങോട്ടപ്പന് മഹാ മൃത്യുഞ്ജയഹോമം നടത്തുന്നത്. ഇവിടെ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടത്തുന്ന ചടങ്ങാണ് മഹാമൃത്യുഞ്ജയ ഹോമം.

അതേസമയം, ഈ മാസം 16ന് മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. “ആവശ്യമായ മുന്‍കരുതലുകളെല്ലാം സ്വീകരിച്ചിരുന്നെങ്കിലും ഇന്നലെ നടത്തിയ കൊവിഡ് പരിശോധനയില്‍ ഞാന്‍  പോസിറ്റീവ് ആയി. ഒരു ചെറിയ പനി ഒഴിച്ചാല്‍ എനിക്ക് മറ്റു പ്രശ്‍നങ്ങളില്ല. ഉത്തരവാദപ്പെട്ടവരുടെ നിര്‍ദേശം അനുസരിച്ച് ഞാന്‍ വീട്ടില്‍ സെല്‍ഫ് ഐസൊലേഷനിലാണ്. നിങ്ങള്‍ എല്ലാവരും സുരക്ഷിതരായി കഴിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എപ്പോഴും മാസ്‍ക് ധരിക്കുകയും പരമാവധി കരുതല്‍ സ്വീകരിക്കുകയും ചെയ്യുക”, എന്നാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.