പ്രതിരോധശേഷി കൂട്ടുന്നതിന് പ്രധാനപ്പെട്ട പോഷകമാണ് വിറ്റാമിൻ സി. അണുബാധകൾ നിയന്ത്രിക്കുന്നതിലും മുറിവുകൾ ഉണക്കുന്നതിലും വിറ്റാമിൻ സി ഒരു പങ്ക് വഹിക്കുന്നു. ശരീരത്തിലെ പ്രാധാന്യമേറിയ ഒട്ടേറെ പ്രവർത്തനങ്ങൾക്ക് വിറ്റാമിൻ സി അത്യാവശ്യമാണ്. പല രോഗാവസ്ഥയിലും ശരീരത്തെ സംരക്ഷിക്കാൻ ഇതിന് കഴിവുണ്ട്. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ദിവസേനെയുള്ള ആഹാരത്തിൽ ഉൾപ്പെടുത്തണം.

വിറ്റാമിൻ സി എന്ന ആന്റിഓക്‌സിഡന്റിന് ഹൃദയത്തെ സംരക്ഷിക്കാൻ കഴിയുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. വിറ്റാമിൻ സിയുടെ ഉയർന്ന അളവ് ചീത്ത കൊളസ്‌ട്രോളിന്റെ ഓക്‌സീകരണം തടയുകയും അതുവഴി ഹൃദയധമനിയിൽ കൊഴുപ്പടിഞ്ഞ് തടസ്സങ്ങൾ ഉണ്ടാവുന്നത് ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും.

വിറ്റാമിൻ സി രക്തത്തിലെ ആന്റിഓക്‌സിഡന്റുകളുടെ അളവ് 30 ശതമാനത്തോളം വർധിക്കാൻ സാധ്യതയുണ്ട്. ഇത് പ്രതിരോധവ്യവസ്ഥയ്ക്ക് ഗുണകരമാണ്. ആന്റിഓക്‌സിഡന്റുകൾ സങ്കീർണമായ രോഗാവസ്ഥ തടയാൻ സഹായിക്കുന്നു. മികച്ചൊരു ആന്റിഓക്‌സിഡന്റ് ആയതിനാൽ അർബുദത്തിന് കാരണമാകുന്ന പദാർഥങ്ങളെ ശരീരത്തിൽ നിന്ന് ഒഴിവാക്കാൻ ഇത് സഹായകമാണ്.

ഓർമക്കുറവ്(ഡിമെൻഷ്യ) ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതായും പഠനങ്ങളിൽ കാണിക്കുന്നു. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി വൃത്തിയാക്കി പച്ചയ്ക്ക് (സാലഡ്) അല്ലെങ്കിൽ മിതമായി പാചകം ചെയ്ത് ഉപയോഗിക്കുന്നത് വിറ്റാമിൻ സി നഷ്ടപ്പെടാതിരിക്കാൻ സഹായിക്കും.പ്രിസർവ് ചെയ്ത് സൂക്ഷിക്കുന്ന ഭക്ഷണത്തിലും വിറ്റാമിൻ സി കുറയാനുള്ള സാധ്യത കൂടുതലാണ്.