എണ്‍പത്തിയാറ് സ്ഥാനാർത്ഥികളുടെ കോൺഗ്രസ് (Congress) പട്ടികകൂടി പ്രഖ്യാപിച്ചതോടെ പഞ്ചാബിൽ (Punjab) തെരഞ്ഞെടുപ്പ് രംഗം ചൂടായി. സിദ്ദുവിന്‍റെയും  മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നിയുടെയും പേരുകൾ ഉൾപ്പെടുത്തിയാണ് ആദ്യഘട്ട പട്ടിക കോൺഗ്രസ് പുറത്തിറിക്കിയത്. ഇതോടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ചുള്ള ആശയക്കുഴപ്പവും ശക്തമാകുകയാണ്.

മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി ചാംകൗർ സാഹിബിലാണ് ജനവിധി തേടുന്നത്. അമൃത്സർ ഈസ്റ്റ് മണ്ഡലത്തിൽ നിന്നാണ് നവ്ജോത് സിംഗ് സിദ്ദു മത്സരിക്കുന്നത്. പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെചൊല്ലി തർക്കം തുടരുന്നതിനിടെയാണ് ഇരുവരും മത്സര രംഗത്തിറങ്ങുന്നത്. ഇരുവരും സിറ്റിംഗ് മണ്ഡലത്തിൽ നിന്നാണ് മത്സരരംഗത്തിറങ്ങുന്നത്. ഉപമുഖ്യമന്ത്രി സുഖ്ജീന്ദർ രൺധാവ ധേര ബാബ നാനക് മണ്ഡലത്തിൽനിന്നാവും മത്സരിക്കുക. അമൃത്സർ സെൻട്രലിൽ നിന്ന് ഓം പ്രകാശ് സോണിയും  മത്സരിക്കും.

നടൻ സോനു സൂദിന്‍റെ സഹോദരി മാളവിക മോഘയിൽ മത്സരിക്കും. അതേസമയം സീറ്റ് വിഭജനത്തെ ചൊല്ലി കർഷക പാർട്ടികളായ സംയുക്ത സംഘര്‍ഷ് പാര്‍ട്ടിക്കും സംയുക്ത് സമാജ് മോര്‍ച്ചക്കും ഇടയിൽ തർക്കം രൂക്ഷമാകുകയാണ്. തെരഞ്ഞെടുപ്പില്‍ 25 സീറ്റ് വേണമെന്നാണ് ഗുർനാം ചാദുനിയുടെ സംയുക്ത സംഘര്‍ഷ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. എന്നാൽ ഒന്‍പത് സീറ്റ് മാത്രമേ നല്‍കാന്‍ കഴിയു എന്നാണ് സംയുക്ത് സമാജ് മോര്‍ച്ചയുടെ  നിലപാട്. അടുത്ത മാസം 14 നാണ് പഞ്ചാബിലെ വോട്ടെടുപ്പ്. 117 മണ്ഡലങ്ങളിലേക്കാണ് മത്സരം.