രക്തം കട്ടപിടിക്കുന്നതിന് പ്രയാസം നേരിടുന്ന രോഗമായ ഹീമോഫീലിയ ബാധിതര്‍ക്കുള്ള നൂതന ചികിത്സയായ എമിസിസുമാബ് പ്രൊഫൈലാക്സിസിന് ജില്ലയില്‍ തുടക്കം.രക്തസ്രാവം ഉണ്ടാകുമ്ബോള്‍ ഫാക്ടര്‍ എടുക്കുന്ന ‘ഓണ്‍ഡിമാന്‍ഡ്’ചികിത്സയാണ് പരമ്ബരാഗത രീതി.
കേരളത്തില്‍ കാരുണ്യ ഫാര്‍മസി വഴി മരുന്ന് ലഭ്യമായപ്പോള്‍ ഫാക്ടറുകള്‍ ഓണ്‍ഡിമാന്‍ഡ് ചികിത്സക്കാണ് ലഭ്യമായത്. കൃത്യമായ ഇടവേളകളില്‍ ശാസ്ത്രീയമായി നിര്‍ണയിച്ച ഡോസ് ഫാക്ടര്‍ മരുന്ന് നല്‍കുന്നതാണ് പ്രൊഫൈലാക്സിസ് ചികിത്സ.
ഹീമോഫീലിയ കാരണം ഗുരുതര രക്തസ്രാവത്തിനിരയായ പെരുവള്ളൂര്‍ സ്വദേശിയായ അഞ്ച്​ വയസ്സുകാരനാണ് തിരൂര്‍ ജില്ല ആശുപത്രിയിലെ ഡി.ഡി.സി.സിയില്‍ എമിസിസുമാബ് മരുന്ന് നല്‍കിയത്. ഹീമോഫീലിയ രോഗമുള്ളവരില്‍ കുറവുള്ള ഫാക്ടര്‍ കുത്തിവെക്കുകയാണ് ഇതുവരെ ചെയ്തിരുന്നത്​. ‘ആശാധാര’പദ്ധതി നിലവില്‍ വന്നതോടെ സംസ്ഥാനത്ത് 10 വയസ്സിന്​ താഴെയുള്ള കുട്ടികള്‍ക്ക് ഈ ചികിത്സ ആരംഭിച്ചിട്ടുണ്ട്. ജില്ലയിലെ പ്രൊഫൈലാക്സിസ് ചികിത്സ 2021 ജൂലൈ 16നാണ് ഉദ്ഘാടനം ചെയ്തത്.

സംസ്ഥാനത്ത് കൂടുതല്‍ കുട്ടികള്‍ പ്രൊഫൈലാക്സിസ് സ്വീകരിക്കുന്നത് മലപ്പുറം ജില്ലയിലാണ്. ഒരു ഡോസിന് ഒരു ലക്ഷം രൂപ വിലയുള്ള മരുന്ന് സൗജന്യമായാണ് നല്‍കുന്നത്. തിരൂര്‍ ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. ബേബി ലക്ഷ്മി, നോഡല്‍ ഓഫിസര്‍ ഡോ. ജാവേദ് അനീസ്, സ്റ്റോര്‍ സൂപ്രണ്ട് മുസ്തഫ, നഴ്സ് കോഓഡിനേറ്റര്‍ അശ്വിനി എന്നിവരുടെ നേതൃത്വത്തിലാണ് മരുന്ന് നല്‍കിയത്.