വാഷിംഗ്ടൺ: അഫ്ഗാൻ ഭരണം താലിബാൻ ഭീകരർ പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാൻ എയർഫീൽഡിൽ നിന്നും കാണാതായ കുട്ടിയേയും ഒടുവിൽ കണ്ടെത്തി. അഫ്ഗാനിൽ നിന്നും യുഎസ് സൈന്യത്തിന്റെ പിന്മാറ്റത്തിനിടെയുള്ള തിരക്കിൽപ്പെട്ടാണ് രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കാണാതാകുന്നത്. സൊഹെൽ അഹ്മദി എന്ന പിഞ്ചുകുഞ്ഞിനെ മാസങ്ങൾ നീണ്ട തെരച്ചിലിന് ഒടുവിലാണ് കണ്ടെത്തുന്നത്.

രാജ്യം വിടാനുളള്ള ശ്രമത്തിനിടെ വിമാനത്താവളത്തിൽ കയറാൻ ബുദ്ധിമുട്ട് നേരിട്ടതോടെയാണ് സൊഹൈലിന്റെ പിതാവ് മിർസ അലി വിമാനത്താവളത്തിന്റെ മതിലിൽ നിന്ന് അമേരിക്കൽ സൈനികന്റെ കയ്യിലേക്ക് കുഞ്ഞിനെ നൽകിയത്. കുഞ്ഞിനെ കൈമാറുന്ന ചിത്രം അന്താരാഷ്‌ട്ര തലത്തിൽ ചർച്ചയായിരുന്നു. വിമാനത്താവളത്തിന്റെ ഗേറ്റ് പെട്ടന്ന് തന്നെ കടക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു പിതാവ് കുഞ്ഞിനെ ഏൽപ്പിച്ചത്.

എന്നാൽ അരമണിക്കൂർ അധികം സമയമെടുത്താണ് മിർസ അലിയ്‌ക്കും കുടുംബത്തിനും വിമാനത്താവളത്തിന് അകത്ത് കടക്കാനായത്. വിമാനത്താവളത്തിന് ഉള്ളിലെത്തി കുഞ്ഞിനെ തിരക്കിയെങ്കിലും കണ്ടെത്താനായില്ല. ദിവസങ്ങളോളം കുഞ്ഞിനെ അന്വേഷിച്ച് പ്രദേശത്ത് അലഞ്ഞുതിരിഞ്ഞെങ്കിലും കണ്ടെത്താനാകാതെ വന്നതോടെ മിർസയും കുടുംബവും യുഎസിലേക്ക് പാലായനം ചെയ്യുകയായിരുന്നു.

സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന ഹമീദ് സാഫി എന്ന ടാക്‌സി ഡ്രൈവർക്കാണ് തിരിക്കിനിടയിൽ കുഞ്ഞിനെ ലഭിച്ചത്. അദ്ദേഹം കുഞ്ഞിനെ വീട്ടിലെത്തിയ്‌ക്കുകയും പരിചരിക്കുകയും ചെയ്തു. നവംബർ മാസത്തിൽ കുഞ്ഞിനെ കാണാനില്ലെന്ന് അറിയിച്ച് ദേശീയ മാദ്ധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. അങ്ങനെയാണ് കുഞ്ഞ് ടാക്‌സി ഡ്രൈവറുടെ കൈകളിലുണ്ടെന്ന് കണ്ടെത്തുന്നത്.

നീണ്ട ചർച്ചകൾക്കൊടുവിൽ കുട്ടിയെ അവർ കാബൂളിലെ ബന്ധുക്കൾക്ക് നൽകി. ഇപ്പോഴിതാ യുഎസിലുള്ള മാതാപിതാക്കളുടെ അടുത്തേയ്‌ക്ക് എത്തിയിരിക്കുകയാണ് സൊഹൈൽ. നിലവിൽ യുഎസിലെ അഭയാർത്ഥി ക്യാംപിൽ അഫ്ഗാൻ അഭയാർത്ഥികളായി കഴിയുകയാണ് മിർസ അലിയും ഭാര്യ സുരയയും. കുഞ്ഞിനൊപ്പമുള്ള മിർസയുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.