വയനാട് ലക്കിടിയിൽ വിദ്യാർത്ഥിനിക്ക് കുത്തേറ്റത് പ്രണയ നൈരാശ്യത്തെ തുടർന്ന്. ലക്കിടി ഓറിയന്റൽ കോളേജിൽ രണ്ടാം വർഷ ഫാഷൻ ഡിസൈനിംഗ് കോഴ്സിന് പഠിക്കുന്ന വയനാട് പുൽപ്പള്ളി സ്വദേശിനിക്കാണ് കുത്തേറ്റത്. ആക്രമണം നടത്തിയ പാലക്കാട് മണ്ണാർക്കാട് സ്വദേശി എം ദീപുവിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. ഇയാൾക്കൊപ്പം പാലക്കാടുനിന്ന് ബൈക്കിലെത്തിയ സുഹൃത്ത് ജിഷ്ണുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കയ്യിൽ കരുതിയ കത്തി ഉപയോഗിച്ചാണ് പെൺകുട്ടിയെ ദീപു കുത്തിയത്. മുഖത്താണ് കൂടുതൽ പരുക്കേറ്റത്. ആദ്യം വൈത്തിരിയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് പിന്നീട് മാറ്റി. കോളജിൽ നിന്ന് ക്ലാസ് കഴിഞ്ഞ് മടങ്ങിയ പെൺകുട്ടിയെ നാലരമണിയോടെ ദേശീയപാതയ്ക്കരികിൽ വെച്ചാണ് പ്രതി ആക്രമിച്ചത്.