മുസ്ലിം ലീഗ് നേതാവായ അവുക്കാദര്‍ കുട്ടിയുടെ പേരിലുള്ള പുരസ്‌കാരം ചെറിയാന്‍ ഫിലിപ്പിന് നല്‍കി ഉമ്മന്‍ചാണ്ടി. ചെറിയാന്‍ ഫലിപ്പിനോട് താന്‍ തെറ്റുചെയ്‌തെന്ന് പുരസ്‌കാര വേദിയില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു. ചെറിയാന്‍ ഫിലിപ്പിന്റെ അകല്‍ച്ച ആത്മപരിശോധനയ്യ് വിധേയമാക്കാനുള്ള അവസരമായെന്നും വിദ്വേഷമില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

’20 വര്‍ഷത്തിന് ശേഷം സമാനമായ ചിന്താഗതിയില്‍ ഒരേ വേദിയില്‍ നില്‍ക്കുകയാണ്. ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിടേണ്ടിവന്നതില്‍ തനിക്ക് തെറ്റുപറ്റിയിട്ടുണ്ട്. ചെറിയാന്‍ ഫിലിപ്പിനോട് വിദ്വേഷവും വിരോധവുമില്ല. പക്ഷേ എന്തോ ഒരു തെറ്റ് എന്റെ ഭാഗത്തുനിന്നുണ്ടായി. രാഷ്ട്രീയത്തില്‍ ഒന്നും ശാശ്വതമല്ല. അദ്ദേഹത്തിന്റെ അകല്‍ച്ച ആത്മപരിശോധനയ്ക്കുള്ള അവസരമാണ്. ചെറിയാനെ പോലെ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിക്ക് ജയിച്ചുവരാന്‍ സാധിക്കുന്ന ഒരു സീറ്റ് കൊടുക്കാന്‍ എനിക്ക് സാധിക്കാതെ പോയി. ഉമ്മന്‍ചാണ്ടി വേദിയില്‍ പ്രതികരിച്ചു.

അതേസമയം മുതിര്‍ന്ന നേതാവായ ഉമ്മന്‍ചാണ്ടിയുടെ രക്ഷകര്‍തൃത്വം തന്റെ ജീവിതം മുഴുവന്‍ ഉണ്ടാകണമെന്നായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണം. ‘മക്കള്‍ എന്തുതെറ്റ് ചെയ്താലും മാതാപിതാക്കള്‍ ക്ഷമിക്കും. ആ മനസാണ് ഉമ്മന്‍ചാണ്ടിയുടേത്. അദ്ദേഹത്തിന്റെ രക്ഷകര്‍തൃത്വം ജീവിതം മുഴുവന്‍ ഉണ്ടാകണം. കേരളത്തിലെ ഓരോ മുഖ്യമന്ത്രിക്കും ഓരോ സവിശേഷതകളുണ്ടെങ്കിലും ജനങ്ങളോട് അത്രയേറെ ഇടപഴകിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാത്രമാണ്’. ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

വര്‍ഷങ്ങള്‍ക്കുശേഷമാണ് ഉമ്മന്‍ചാണ്ടിയും ചെറിയാന്‍ ഫിലിപ്പും ഒരേ വേദി പങ്കിടുന്നത്. സിപിഐഎം സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പ്, സംസ്ഥാനത്തെ മഴക്കെടുതിയിലുള്ള ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തുകയും സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.

മഴക്കെടുതി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച ചെറിയാന്‍ ഫിലിപ്പിനെ ഖാദി ബോര്‍ഡ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിച്ച ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കുകയും ചെയ്തിരുന്നു. പദവി വേണ്ടെന്ന് ചെറിയാന്‍ ഫിലിപ്പ് തന്നെ നേരത്തെ പറയുകയും ചെയ്തു