ഹൈദരാബാദ്: തെലുങ്കു പ്രേക്ഷകരുടെ ഹൃദയം കവർന്ന നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ ജയ്‍ലർ 2വിലെ കാമിയോ വേഷത്തിലൂടെ ദക്ഷിണേന്ത്യൻ സിനിമാ പ്രേമികളെ ഞെട്ടിക്കാൻ ഒരുങ്ങുകയാണ്. നെൽസന്‍റെ സംവിധാനത്തിൽ വരുന്ന രജനീകാന്ത് മാസ് ആക്ഷൻ പടം ജയ്‍ലർ 2വിലെ ബാലയ്യയുടെ കാമിയോ എൻട്രി ഇതിനകം തന്നെ പ്രേക്ഷകരിൽ ആവേശമുണർത്തിക്കഴിഞ്ഞു. 

സിനിമയിൽ പത്തു മിനിറ്റ് മാത്രമാണുള്ളതെങ്കിലും ബാലയ്യ പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്നത് നിശ്ചയം. ബാലയ്യയുടെ സിനിമയിലെ വേഷം പോലെ പ്രതിഫലവും ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. 22 കോടി രൂപയാണ് 10 മിനിറ്റ് ദൈർഘ്യമുള്ള വേഷത്തിന് ബാലയ്യ വാങ്ങുന്നത്. വീര സിംഹ റെഡ്ഡി, ധാക്കു മഹാരാജ്, തുടങ്ങിയ വമ്പൽ ഹിറ്റുകൾക്കു ശേഷം ജെയ്‍ലർ 2വിലെ കാമിയോ വേഷത്തിൽ പ്രത്യക്ഷപ്പെടാനൊരുങ്ങുകയാണ് ബാലയ്യ. 

രജനികാന്തിന്‍റെ ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ജയിലർ 2. സൂപ്പർ ഹിറ്റായ ജയിലറിന്‍റെ രണ്ടാം ഭാഗത്തിന്‍റെ ഷൂട്ടിങ് നിലവിൽ നടന്നുകൊണ്ടിരിക്കുകയാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന സിനിമയ്ക്ക് അനിരുദ്ധ് ആണ് സംഗീതമൊരുക്കുന്നത്.