അ മേരിക്കയിലെ ആരിസോണ മരുഭൂമിയില്‍ അലഞ്ഞു തിരിഞ്ഞു നടന്ന അഭയാര്‍ത്ഥിക്കുട്ടികളെ യുഎസ് സൈന്യം രക്ഷപ്പെടുത്തി. ചുട്ടു പൊള്ളുന്ന ചൂടില്‍ അലഞ്ഞു നിരിഞ്ഞ നാലും ആറും വയസ്സുള്ള കുഞ്ഞു പൈതലുകളെയാണ് അമേരിക്കന്‍ സൈന്യം രക്ഷിച്ചത്. യുഎസ് മെക്സിക്കോ അതിര്‍ത്തിക്കു സമീപം അമേരിക്കന്‍ പ്രദേശത്താണ് ഇവര്‍ അധികൃതരുടെ സമീപമെത്തിയത്. ഇരുവരെയും പെട്ടെന്നു തന്നെ രക്ഷപ്പെടുത്തി സുരക്ഷിതമായ കസ്റ്റഡിയില്‍ എത്തിച്ചെന്ന് യുഎസ് ബോര്‍ഡര്‍ പട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം കുട്ടികളുടെ കുടുംബാംഗങ്ങളെ കുറിച്ച്‌ സൂചന ഇല്ല. കുട്ടികളുടെ കുടുംബാംഗങ്ങളെ കണ്ടെത്താനും അവര്‍ക്കു കുട്ടികളെ കൈമാറാനുമുള്ള ശ്രമങ്ങള്‍ തുടങ്ങി. നിലവില്‍ യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഓഫിസ് അധികൃതരുടെ സംരക്ഷണയിലുള്ള കുട്ടികളെ താമസിയാതെ യുഎസ് ആരോഗ്യമന്ത്രാലയം നടത്തുന്ന ശരണാലയത്തിലേക്കു മാറ്റിപ്പാര്‍പ്പിക്കും.അവിടെ നിന്നാകും ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കുക.

മധ്യ അമേരിക്കന്‍ രാജ്യം ഹോണ്ടുറാസില്‍ നിന്നാണ് ഇവര്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചിരുന്ന ഇവരുടെ കൈയില്‍ യുഎസിലുണ്ടെന്നു കരുതപ്പെടുന്ന പിതൃസഹോദരിയുടെ വിലാസമടങ്ങിയ ഒരു കുറിപ്പുമുണ്ടായിരുന്നു. ഈ വിലാസം വെച്ച്‌ അന്വേഷണം നടത്താനാണ് പൊലീസ് നീക്കം. കോളറാഡോ നദിക്കു സമീപമുള്ള വരണ്ട പ്രദേശമായ യുമയിലായിരുന്നു പെണ്‍കുട്ടികളെ കണ്ടെത്തിയത്. ആരും തുണയില്ലാതെ വരുന്ന കുട്ടികളായ അഭയാര്‍ഥികള്‍ യുഎസിലേക്കു കടക്കാന്‍ സാധാരണ തിരഞ്ഞെടുക്കുന്ന മേഖലയാണ് യുമ.

2003 മുതല്‍ നാലു ലക്ഷത്തോളം കുട്ടികള്‍ യുഎസ് മെക്സിക്കോ അതിര്‍ത്തി താണ്ടി അമേരിക്കയിലേക്കു കടന്നിട്ടുണ്ടെന്നാണു കണക്ക്. മധ്യ അമേരിക്കന്‍ രാജ്യങ്ങളായ ഹോണ്ടുറാസ്, എല്‍ സാല്‍വദോര്‍, മെക്സിക്കോ തുടങ്ങിയിടങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ കൂടുതലും. ജന്മരാജ്യത്തു നടമാടുന്ന അസ്ഥിരത, മാഫിയ ആക്രമണങ്ങള്‍, ജീവിത സാഹചര്യങ്ങളില്ലായ്മ, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവയാണ് ചെറുപ്രായത്തില്‍ തന്നെ ഇത്രയും സാഹസികമായ യാത്ര നടത്താന്‍ ഇവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍. വളരെ ഗുരുതരമായ സാഹചര്യമാണ് മധ്യഅമേരിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ കുട്ടികളുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്നതെന്നും വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.