ലണ്ടന്‍: ബഹിരാകാശ വിനോദസഞ്ചാരം നടത്തുന്ന കോടീശ്വരന്മാരെ വിമര്‍ശിച്ച്‌ ബ്രീട്ടീഷ് രാജകുമാരന്‍ വില്യം രംഗത്ത്. ഈ ശതകോടീശ്വരന്മാര്‍ അളവറ്റ ധനം ബഹിരാകാശത്ത് കത്തിക്കുന്നതിന് പകരം ഈ ഭൂമിയുടെ രക്ഷയ്‌ക്കായി ഉപയോഗിക്കണമെന്നാണ് വില്യം തുറന്നടിച്ചത്.

നിലവില്‍ ബഹിരാകാശത്തേക്ക് കുതിക്കാന്‍ വലിയ തള്ളിക്കയറ്റമാണ് ദൃശ്യമാകുന്നത്. ഇത്രയധികം ധനം ഇത്തരം കാര്യത്തില്‍ മുടക്കുന്നവര്‍ നശിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ ഭൂമിയുടെ നിലനില്‍പ്പിനായി ആ പണം ഉപയോഗിക്കണം. ഇവിടം നശിപ്പിച്ചിട്ട് അടുത്ത വാസസ്ഥലം തേടിയാണോ ബഹിരാകാശത്തേക്ക് പോകുന്നതെന്ന രൂക്ഷമായ ചോദ്യവും വില്യം ചോദിച്ചു.

ഈ ഭൂമിയുടെ പ്രശ്‌നങ്ങള്‍ അതിസങ്കീര്‍ണ്ണമാണെന്ന് നാമെല്ലാം തിരിച്ചറിയണം. ഭൂമിയുടെ ദുരിതങ്ങള്‍ മാറ്റാന്‍ അതീവ ബുദ്ധിശാലികളായ ശാസ്ത്രജ്ഞരും വിദഗ്ധരുമുണ്ടാകണം. അത്തരം മേഖലയ്‌ക്കായി പണം ഉപയോഗിക്കുകയാണ് വേണ്ടതെന്നും വില്യം വ്യക്തമാക്കി.

മികച്ച പൈലറ്റുകൂടിയായ ഡ്യൂക് ഓഫ് കേംബ്രിഡ്ജ് എന്ന സ്ഥാനം വഹിക്കുന്ന വില്യം ഡയാനാ രാജകുമാരിയുടെ രണ്ട് ആണ്‍ മക്കളിലെ മൂത്തയാളാണ്. ബഹിരാകാശത്തെക്കൂറിച്ച്‌ മികച്ച അറിവുള്ള വില്യം ഇത്തരം വിനോദസഞ്ചാര പ്രവണതകള്‍ ബഹിരാകാശ ത്തുണ്ടാക്കാന്‍ പോകുന്ന ദുരന്തങ്ങളും അന്തരീക്ഷത്തിലെ വ്യതിയാനവും അതിഭീകര മായിരിക്കും എന്ന മുന്നറിയിപ്പും നല്‍കുകയാണ്.