ഒക്ടോബർ നാലിന് മഹാരാഷ്ട്രയിലെ  സ്കൂളുകൾ തുറക്കുമെന്ന് സർക്കാർ. സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അനുമതി നൽകി. ​ഗ്രാമപ്രദേശങ്ങളിലെ സ്കൂളുകളിലെ അഞ്ച് മുതൽ 12 വരെയുള്ള ക്ലാസുകളും ന​ഗരപ്രദേശങ്ങളിലെ എട്ട് മുതൽ 12 വരെയുള്ള ക്ലാസുകളും ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി  വർഷ ​ഗെയ്ക്വാദ് പറഞ്ഞു.

വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി പുതിയ മാർ​ഗനിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. സ്കൂളുകൾ എല്ലാ കോവിഡ് പ്രോട്ടോക്കോളുകളും കർശനമായി പാലിക്കണം. ദീപാവലിക്ക് ശേഷം മുംബൈയിലെയും സമീപ പ്രദേശങ്ങളിലെയും സ്കൂളുകൾ തുറക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുമെന്ന് വ്യാഴാഴ്ച മുംബൈ മേയർ കിഷോരി പെഡ്‌നേക്കർ പറഞ്ഞിരുന്നു.

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ മഹാരാഷ്ട്രയെയും കേരളത്തേയും സുപ്രീംകോടതി വിമർശിച്ചിരുന്നു. വിദ്യാലയങ്ങൾ വീണ്ടും തുറക്കുന്നതിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത വേണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.