കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രവിഗ്രഹത്തില്‍ ചാര്‍ത്തുന്ന സ്വര്‍ണ രുദ്രാക്ഷമാല മോഷ്ടിക്കപ്പെട്ടതുതന്നെയെന്ന് ഏറ്റുമാനൂര്‍ പൊലീസ് സ്ഥിരീകരിച്ചു. വിവരം പുറത്തറിഞ്ഞപ്പോള്‍ മറ്റൊരു മാല പകരം വയ്ക്കുകയായിരുന്നു. സംഭവത്തില്‍ മുന്‍ മേല്‍ശാന്തി കാഞ്ഞങ്ങാട് സ്വദേശി കേശവന്‍ സത്യേശിനെതിരെ പൊലീസ് മോഷണക്കുറ്റം ചുമത്തി. ഇയാളെ ഉടന്‍ ചോദ്യം ചെയ്യും.

81 മുത്തുകളുള്ള സ്വര്‍ണ രുദ്രാക്ഷമാല മോഷ്ടിച്ച ശേഷം 72 മുത്തുകളുള്ള മാല പകരം വച്ചതാണെന്ന നിര്‍ണായകവിവരമാണ് വിശദമായ പരിശോധനയ്ക്ക് ശേഷം പൊലീസ് വെളിപ്പെടുത്തുന്നത്. മാലയുടെ തൂക്കം കുറഞ്ഞെന്ന വിവരം അറിയിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച വന്നതായി ദേവസ്വം വിജിലന്‍സ് എസ്.പി ബിജോയിയുടെ അന്വേഷണത്തില്‍ നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് തിരുവാഭരണം കമ്മിഷണര്‍ എസ്. അജിത് കുമാര്‍, വൈക്കം ദേവസ്വം ഡെപ്യൂട്ടി കമ്മിഷണര്‍, ഏറ്റുമാനൂര്‍ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണര്‍, ഏറ്റുമാനൂര്‍ ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, മുന്‍ അസിസ്റ്റന്റ് കമ്മിഷണര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മാല നഷ്ടപ്പെട്ടിട്ടില്ല 9 മുത്തുകളുടെ കുറവ് കണ്ടെത്തിയെന്നായിരുന്നു തിരുവാഭരണം കമ്മിഷണര്‍ അജിത് കുമാര്‍ ബോര്‍ഡിന് നല്‍കിയ റിപ്പോര്‍ട്ട്. ജൂലായില്‍ പുതിയ മേല്‍ശാന്തി സ്ഥാനമേറ്റപ്പോഴാണ് മുത്തുകളുടെ കുറവ് ശ്രദ്ധയില്‍പ്പെട്ടത്.

പഴക്കം കുറഞ്ഞത് നിര്‍ണായക തെളിവ്

ദേവസ്വം ജീവനക്കാരനായ ഒരാള്‍ 2006ല്‍ സമര്‍പ്പിച്ചതാണ് 23 ഗ്രാമുള്ള മാല. പകരം വച്ച മാലയുടെ തൂക്കം 20 ഗ്രാം. എന്നാല്‍, ഈ മാലയ്ക്ക് മൂന്ന് വര്‍ഷത്തിലധികം പഴക്കമില്ലെന്ന് വിദഗ്ദ്ധ പരിശോധനയില്‍ ബോദ്ധ്യപ്പെട്ടു.

 ” രണ്ട് വിദഗ്ദ്ധന്മാരെക്കൊണ്ട് മാല പരിശോധിപ്പിച്ചു. മുന്‍ മേല്‍ശാന്തി കേശവ് സത്യേശിനെ ചോദ്യം ചെയ്യും. അതിന് ശേഷം തുടര്‍ നടപടികളിലേക്ക് നീങ്ങും.”

-സി.ആര്‍. രാജേഷ്,

ഏറ്റുമാനൂര്‍ സി.ഐ

 ” തിരുവാഭരണം സൂക്ഷിക്കേണ്ട പൂര്‍ണ ഉത്തരവാദിത്വം മേല്‍ശാന്തിക്കാണ്. മേല്‍ശാന്തിക്ക് വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും”

-എന്‍. വാസു,

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്