കശ്​മീര്‍: ക്ഷേ​ത്രത്തില്‍ അതിക്രമിച്ചുകയറാന്‍ ശ്രമിച്ച ഭീകരനെന്ന്​ ‘തെറ്റിദ്ധരിച്ച്‌’ പൊലീസ്​ കോണ്‍സ്റ്റബിളിനെ സുരക്ഷാ ജീവനക്കാരന്‍ വെടിവെച്ചുകൊന്നതായി കശ്മീര്‍ പൊലീസ്​ വ്യക്​തമാക്കി. കഴിഞ്ഞ ദിവസം രാ​ത്രിയാണ്​ സംഭവം. ലാന്‍ഗേറ്റ്​ ഹന്ദ്വാര സ്വദേശിയായ അജയ്​ ഥര്‍ ആണ്​ കൊല്ലപ്പെട്ടതെന്ന്​ വാര്‍ത്താക്കുറിപ്പില്‍ വ്യക്​തമാക്കിയ കശ്​മീര്‍ പൊലീസ്​, സംഭവം നിര്‍ഭാഗ്യകരമായി പോയി എന്ന്​ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം രാത്രി കശ്​മീരിലെ ഒരു ക്ഷേത്രത്തിലെത്തിയ അജയ്​ ഥര്‍ ഉള്ളിലേക്ക്​ കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത്​ തടയാന്‍ ശ്രമിച്ച ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരന്‍ ആകാശത്തിലേക്ക്​ വെടിവെച്ചു. എന്നാല്‍, അജയ്​ താന്‍ ആരാണെന്ന്​ വെളിപ്പെടുത്തുന്നതിന്​ പകരം ക്ഷേത്രത്തിന്‍റെ വാതിലില്‍ ശക്​തമായി ഇടിക്കുകയായിരുന്നു എന്ന്​ ഐ.ജി. വിജയ്​ കുമാര്‍ പറഞ്ഞു. തുടര്‍ന്ന്​ അജയ്​ ക്ഷേത്രം ആക്രമിക്കാന്‍ വന്ന ഭീകരനാണെന്ന്​ സെന്‍ട്രി തെറ്റിദ്ധരിക്കുകയും വെടിവെച്ച്‌​ കൊല്ലുകയുമായിരുന്നു എന്ന്​ അദ്ദേഹം വ്യക്​തമാക്കി. കശ്​മീരിലെ ഭൂരിപക്ഷം ക്ഷേത്രങ്ങളിലും പൊലീസ്​ ആണ്​ കാവല്‍ നില്‍ക്കുന്നത്​.