പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു തരത്തിലും ഉപയോഗിക്കാന്‍ പാടില്ലാത്ത പദമാണ് നാര്‍കോട്ടിക് ജിഹാദ്. ഉന്നത സ്ഥാനത്ത് ഇരിക്കുന്നവര്‍ക്ക് യോജിച്ചതല്ല പ്രസ്താവനയെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. സിപിഐഎം പെരുവമ്പ് ലോക്കല്‍ കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

ലവ് ജിഹാദ് കേരളത്തിലില്ലെന്ന് വ്യക്തമാക്കിയത് കേന്ദ്രസര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘വസ്തുതാപരമായി കാര്യങ്ങള്‍ മനസിലാക്കിവേണം പൊതുസമൂഹത്തില്‍ അവതരിപ്പിക്കാന്‍. ഇത്തരം പ്രസ്താവന നിര്‍ഭാഗ്യകരമാണ്. പൊതുസമൂഹം ആ പ്രസ്താവനയ്‌ക്കൊപ്പമല്ല. നാടിനെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ്‌ അത്തരം പ്രസ്താവനയെ പിന്താങ്ങുന്നത്. മതനിരപേക്ഷത തകര്‍ക്കാന്‍ കേന്ദ്രത്തില്‍ നിന്ന് ശ്രമമുണ്ടായാലും ചെറുക്കും’. മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സാമൂഹ്യ തിന്മകള്‍ക്ക് മതത്തിന്റെ നിറം നല്‍കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യ തിന്മകള്‍ക്ക് മതത്തിന്റെ നിറം നല്‍കുന്നതും തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് നന്മയുടെ മുഖം നല്‍കുന്നതും സമൂഹത്തെ ഒരു പോലെ ദുര്‍ബലപ്പെടുത്തും. പുരോഗമനപരമായും മതനിരപേക്ഷപരമായും ചിന്തിക്കാന്‍ ശേഷിയുള്ള തലമുറ ഇന്ന് നമ്മുടെ സമൂഹത്തിന് ഏറെ ആവശ്യമുള്ള ഒന്നാണ്. എന്നാല്‍ സാമൂഹ്യ തിന്മകള്‍ക്ക് മതത്തിന്റെ നിറം ചേര്‍ത്തുവയ്ക്കുന്ന പ്രവണത ഉയര്‍ന്നുവരുന്നുണ്ട്. അതിനെ മുളയിലേ നുള്ളിക്കളയണം. മുഖ്യമന്ത്രി വ്യക്തമാക്കി.

അത്തരം പ്രവൃത്തികള്‍ തിന്മ ചെയ്യുന്നവര്‍ക്ക് എതിരായ പൊതു ഐക്യത്തെ ശാക്തീകരിക്കില്ല. പകരം അത് സമൂഹത്തിലെ വേര്‍തിരിവ് വര്‍ധിപ്പിക്കും. തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് നന്മയുടെ മുഖം നല്‍കുന്നതും സമൂഹത്തിന്റെ ഐക്യത്തെ ദുര്‍ബലപ്പെടുത്തും. ജാതിയേയും മതത്തേയും വിഭജനത്തിന് വേണ്ടി ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.