അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ സര്‍ക്കാരിന്റെ നിയമങ്ങള്‍ ഓരോന്നായി നടപ്പിലാക്കപ്പെടുന്നു. മുഖം മൂടിക്കെട്ടിയ അഫ്ഗാന്‍ സ്ത്രീകള്‍ കാബൂള്‍ യൂണിവേഴ്സിറ്റിയിലെ പ്രഭാഷണ തിയേറ്ററില്‍ നിരനിരയായി ഇരിക്കുന്നതിന്റെ ചിത്രമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ശരീയത്ത് നിയമപ്രകാരം സ്ത്രീകള്‍ ബുര്‍ഖ ധരിക്കണമെന്നുണ്ട്. സര്‍ക്കാരിന്റെ പുതിയ നിയമം അനുസരിച്ച്‌ നിരവധി അഫ്ഗാന്‍ സ്ത്രീകളാണ് വിദ്യാഭ്യാസത്തിനായി ബുര്‍ഖ ധരിച്ച്‌ യൂണിവേഴ്സിറ്റിയില്‍ ഹാജരായത്.

തല മുതല്‍ കാല്‍ വരെ മൂടിയ വസ്ത്രം ധരിച്ച്‌ യൂണിവേഴ്സിറ്റിയില്‍ എത്തിയ യുവതികള്‍ താലിബാന്‍ പതാകകള്‍ ഉയര്‍ത്തി. യൂണിവേഴ്സിറ്റിയില്‍ എത്തിയ സ്ത്രീകളില്‍ ഭൂരിഭാഗം പേരും കണ്ണുകള്‍ പോലും കാണാത്ത തരത്തിലുള്ള ബുര്‍ഖയും കറുത്ത നിഖാബുകളും ധരിച്ചിരുന്നു. പലരും കറുത്ത കയ്യുറകളും ധരിച്ചിരുന്നു.

താലിബാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചും അനുകൂല പ്രതിഷേധം നടത്തിയും അഫ്ഗാന്‍ സ്ത്രീകള്‍ തങ്ങള്‍ താലിബാന്റെ ‘ശരീയത്ത്’ നിയമം അനുസരിക്കുകയാണെന്ന് പരോക്ഷമായി സമ്മതിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. തലസ്ഥാനമായ കാബൂളിലെ ഷഹീദ് റബ്ബാനി വിദ്യാഭ്യാസ സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗങ്ങള്‍ക്ക് പിന്നാലെയാണ് യുവതികള്‍ താലിബാന്‍ അനുകൂല റാലി നടത്തിയത്.

‘സ്ത്രീകളുടെ പ്രതിനിധികളാണെന്ന് അവകാശപ്പെട്ട് തെരുവില്‍ സമരം ചെയ്യുന്ന സ്ത്രീകള്‍ക്ക് ഞങ്ങളുടെ പിന്തുണ ഇല്ല. കഴിഞ്ഞ സര്‍ക്കാര്‍ സ്ത്രീകളെ ദുരുപയോഗം ചെയ്യുകയായിരുന്നു. അവര്‍ അവരുടെ സൗന്ദര്യം കൊണ്ട് മാത്രമാണ് സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നത്’, താലിബാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച്‌ റാലിയുടെ മുന്‍നിരയില്‍ നിന്ന യുവതി വിളിച്ച്‌ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ അഫ്ഗാനിസ്ഥാനിലുടനീളം താലിബാനെതിരെ പ്രതിഷേധിച്ച സ്ത്രീകളെ വനിതാ പ്രാസംഗികര്‍ വിമര്‍ശിച്ചു. പ്രതിഷേധം സംഘടിപ്പിച്ചത് സ്ത്രീകളാണെന്നും പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദേശകാര്യ ഡയറക്ടര്‍ ദൗദ് ഹഖാനി പറഞ്ഞു.

താലിബാന്‍റെ 1996-2001 ഭരണത്തില്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങള്‍ ഓരോന്നായി ഇല്ലാതായിരുന്നു. എന്നാല്‍, തിരിച്ച്‌ വരവില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ ഇല്ലാതാക്കില്ലെന്നായിരുന്നു താലിബാന്‍ പറഞ്ഞത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ക്ലാസ് മുറിയില്‍ ഇരുന്ന് പഠിക്കരുതെന്നും, ഇനി അഥവാ അങ്ങനെ ആണെങ്കില്‍ പരസ്പരം കാണാതിരിക്കാന്‍ ഒരു മറ ആവശ്യമാണെന്നും താലിബാന്‍ അറിയിച്ചു. തുടര്‍ന്ന് ഇത് നിരവധി ക്ളാസുകളില്‍ നടപ്പിലാക്കുകയും ചെയ്തു.