മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ( AR nagar bank fraud ) ഭരണകക്ഷി-പ്രതിപക്ഷ ഇടപെടല്‍. ക്രമക്കേട് നടത്തിയ അന്നത്തെ സെക്രട്ടറി വി. ഹരികുമാര്‍ സിപിഐഎം ജില്ലാ സെക്രട്ടറിയുടെ അടുത്ത ബന്ധുവാണ്. ഹരികുമാറിന് അനധികൃതമായി കാലാവധി നീട്ടിനല്‍കിയത് സര്‍ക്കാരിന്റെ പ്രത്യേക താത്പര്യത്തിലാണ് എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ആദായ നികുതി വകുപ്പ് മരവിപ്പിച്ച അക്കൗണ്ടുകളിലൊന്ന് പി കെ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ അക്കൗണ്ടാണ്.

സംസ്ഥാനത്തെ ബാങ്ക് തട്ടിപ്പ് ക്രമക്കേടുകളില്‍ ഏറ്റവും വലിയ തട്ടിപ്പാണ് മലപ്പുറം എആര്‍ സഹകരണ ബാങ്കില്‍ നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുസ്ലിം ലീഗ് നിയന്ത്രണത്തിലുള്ള ബാങ്കാണിത്. എന്നാല്‍ തട്ടിപ്പും ക്രമക്കേടും നടക്കുന്ന കാലഘട്ടത്തിലെല്ലാം ബാങ്കില്‍ സെക്രട്ടറിയായിരുന്നത് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി മോഹന്‍ദാസിന്റെ അടുത്ത ബന്ധുവാണ് വി. ഹരികുമാറാണ്.
ജില്ലയിലെ എല്‍ഡിഎഫിലെയും യുഡിഎഫിലെയും നേതാക്കള്‍ക്ക് ബാങ്കില്‍ നിക്ഷേപമുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ റെയ്ഡില്‍ 110 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അഞ്ഞൂറ് കോടി രൂപയോളം ക്രമക്കേട് നടന്നെന്നാണ് ജോയിന്റ് രജിസ്ട്രാര്‍ ഉള്‍പ്പെടെ കണ്ടെത്തിയത്.

കഴിഞ്ഞ ജനുവരിയിലാണ് കണ്‍കറന്റ് ഓഡിററര്‍ ഡി ബിന്ദുവിന്റെ നേതൃത്വത്തില്‍ ബാങ്കിലെ ക്രമക്കേട് നടന്നുവെന്ന കണ്ടെത്തലിന്റെ റിപ്പോര്‍ട്ട് നല്‍കിയത്. ക്രമക്കേടിന്റെ വിശദാംശങ്ങള്‍ ചോദിച്ചപ്പോഴാണ് ബാങ്ക് സെക്രട്ടറി അടക്കമുള്ളവര്‍ കയര്‍ക്കുന്ന സാഹചര്യമുണ്ടായത്. ഭീഷണിപ്പെടുത്തല്‍ കൂടി ഉണ്ടായതോടെയാണ് തിരൂരങ്ങാടി പൊലീസില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന പരാതി നല്‍കുന്നത്. ഓഡിറ്റിനിടെ ക്രമക്കേട് ചൂണ്ടിക്കാട്ടിയപ്പോള്‍ പരാതിക്കാരിക്ക് നേരെ ഹരികുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ തട്ടിക്കയറിയതിനും ഒദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് പൊലീസ് കേസെടുത്തത്.

പത്ത് വര്‍ഷത്തിനിടെയുണ്ടായ കാലയളവിലാണ് തട്ടിപ്പ് നടന്നത് എന്നാണ് കണ്ടെത്തല്‍. സെക്രട്ടറിയായിരുന്ന ഹരികുമാറിന് വേണ്ടി സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലുണ്ടായി എന്നാണ് ആരോപണം.എന്നാല്‍ 31-5-2019ന് റിട്ടയര്‍ ചെയ്ത ബാങ്ക് സെക്രട്ടറിയാണ് ഹരികുമാര്‍. ഇദ്ദേഹത്തെ, തൊട്ടടുത്ത ദിവസം 1-6-2019ന് ഭരണ സമിതി എ ക്ലാസ് മെമ്പറാക്കി അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ ആക്കി മാറ്റുകയാണുണ്ടായത്.