നൂറു വയസിന്റെ നിറവിലെത്തിയ പെറ്റമ്മയുടെ ജന്മദിനാഘോഷത്തേക്കാളും വര്‍ക്കി എബ്രഹാമിന് വലുത് ദുരിതമനുഭവിക്കുന്ന നാട്ടുകാരായിരുന്നു. കോവിഡിനെ തുടര്‍ന്ന് സാമ്പത്തികമായി പരാധീനതയിലായവരെ സഹായിക്കാന്‍ അമേരിക്കയില്‍ നിന്നും തിരുവല്ലയിലേക്ക് അദ്ദേഹം പറന്നെത്തി. നെടുമ്പ്രം നിവാസിയും അമേരിക്കയില്‍ ബിസിനസ് സംരംഭങ്ങളുമുള്ള ലോക കേരള സഭാംഗം വര്‍ക്കി ഏബ്രഹാം പുറന്തടയാണ് മാതാവ് ശോശാമ്മയുടെ നൂറാം ജന്മദിനാഘോഷം ഒഴിവാക്കി നെടുമ്പ്രം, തവടി, പെരിങ്ങര പഞ്ചായത്തുകളിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് സഹായങ്ങള്‍ നല്‍കിയത്.

ഭക്ഷ്യധാന്യ കിറ്റുകളും, പഠന സൗകര്യമില്ലാതെ വിഷമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ടിവിയും, മൊബൈല്‍ ഫോണും, നൂറോളം ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് 1500 രൂപയുടെ സഹായവും വിതരണം ചെയ്തു.

ഭക്ഷ്യധാന്യ കിറ്റ് വിതരണം മാത്യു ടി. തോമസ് എംഎല്‍എ നിര്‍വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആര്‍ സനല്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരി, തലവടി പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി, നെടുമ്പ്രം ക്രിസ്‌തോസ് ഇടവക വികാരി റവ.ഷാജി തോമസ്, പഞ്ചായത്ത് മെമ്പര്‍മാരായ ജോയി കാവുങ്കല്‍, ഷീന, ഗ്രേസി അലക്‌സാണ്ടര്‍, രാധാമണി മോഹന്‍ഗാസ്, തങ്കച്ചന്‍ പി. ഇടിക്കുള തുടങ്ങിയവര്‍ പങ്കെടുത്തു.