ന്യൂഡല്‍ഹി: ഗര്‍ഭിണികള്‍ക്കു കോവിഡ് വാക്‌സീനെടുക്കാം. കോവിഡ് വാക്‌സിന്‍ എടുക്കുന്ന കൊണ്ട് അമ്മയ്ക്കും ഗര്‍ഭസ്ഥ ശിശുവിനും യാതൊരു കുഴപ്പവും ഉണ്ടാകില്ലന്ന് ആരോഗ്യ വിദഗ്ദര്‍. എല്ലാ മരുന്നുകളിലുമെന്ന പോലെ നേരിയ പാര്‍ശ്വഫലങ്ങളുണ്ടാകാം. ഇത് 3 ദിവസത്തിനകം മാറും. ഗര്‍ഭിണികളെ കോവിഡ് തീവ്രമായി ബാധിക്കുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് ലക്ഷണങ്ങളുണ്ടെങ്കില്‍ ഗര്‍ഭിണികളെ ആശുപത്രിയിലേക്കു മാറ്റണം. ഇന്ത്യയില്‍ അനുമതി ലഭിച്ച 4 വാക്‌സീനുകളും ഗര്‍ഭിണികള്‍ക്കും സുരക്ഷിതമാണെന്നും വന്ധ്യതയുമായി ഇവയ്ക്ക് ബന്ധമില്ലെന്നും വാക്‌സീന്‍ വിദഗ്ധ സമിതി അംഗം ഡോ. വി.കെ. പോള്‍ പറഞ്ഞു. അമ്മ കോവിഡ് ബാധിതയായിരിക്കെ ജനിക്കുന്ന കുട്ടികളില്‍ 95 ശതമാനവും പൂര്‍ണാരോഗ്യമുള്ളവരാണ്. അപൂര്‍വമായി മാസം തികയാതെ പ്രസവിക്കാന്‍ സാധ്യതയുണ്ട്.
35 വയസ്സിനു മുകളിലുള്ള ഗര്‍ഭിണികളില്‍ അമിതവണ്ണം, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, രക്തം കട്ടപിടിക്കുന്ന അവസ്ഥ എന്നിവയുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. വാക്‌സീനെടുത്ത ഗര്‍ഭിണികളില്‍ അത്യപൂര്‍വമായി 20 ദിവസത്തിനു ശേഷം ശ്വാസതടസ്സം, വയറുവേദന, തലവേദന, ശരീരവേദന എന്നീ ലക്ഷണങ്ങള്‍ കണ്ടേക്കാം. ഈ സാഹചര്യത്തില്‍ അടിയന്തര വൈദ്യസഹായം തേടണം.