ആലപ്പുഴ:  കുട്ടനാട്ടുകാരുടെ ദുരിതങ്ങള്‍ പരിഹരിക്കുമെന്ന് മന്ത്രിമാരുടേയും ജനപ്രതിനിധികളുടേയും ഉറപ്പ്. കുട്ടനാട്ടിലെ പ്രശ്‌നങ്ങള്‍ക്ക് റവന്യൂ, ജലവിഭവ, ഫിഷറീസ് മന്ത്രിമാരുടെ സംയുക്തയോഗം ചേരുമെന്നു മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കര്‍ഷകരടക്കം എല്ലാവരുടെയും അഭിപ്രായവും അനുഭവവും കേള്‍ക്കും. തോട്ടപ്പള്ളി സ്പില്‍വേയുടെ ഷടെറുകള്‍ മാറ്റാനുള്ള കരാര്‍ റീടെന്‍ഡര്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സേവ് കുട്ടനാട് ഫെയ്‌സ്ബുക് കൂട്ടായ്മയെ വിമര്‍ശിച്ചിട്ടില്ലെന്ന് പറഞ്ഞ മന്ത്രി രാഷ്ട്രീയമായി സര്‍കാരിനെ മോശപ്പെടുത്താന്‍ ശ്രമിച്ചവരെയാണു വിമര്‍ശിച്ചതെന്നും വ്യക്തമാക്കി. ഒന്നാം കുട്ടനാട് പാകേജ് പൊളിച്ചവരാണ് ഇപ്പോള്‍ കണ്ണീരൊഴുക്കുന്നതെന്നും മന്ത്രി പറഞ്ഞു. രണ്ടാഴ്ചയ്ക്കകം കുട്ടനാട് സന്ദര്‍ശിച്ചു പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കുമെന്നു ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഐഐടി ചെന്നൈയുടെ റിപോര്‍ട് വേഗത്തില്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടു. തോട്ടപ്പള്ളി സ്പില്‍വേയിലൂടെയുള്ള ജലമൊഴുക്ക് 1600 ക്യുബിക് മീറ്ററായി ഉയര്‍ത്തലാണു ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം കുട്ടനാടിനെ കരകയറ്റാനുള്ള പദ്ധതികള്‍ക്കു പ്രതിപക്ഷം ക്രിയാത്മക പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മ പരിഹരിക്കണം. ദീര്‍ഘകാല പദ്ധതികള്‍ക്ക് സമയക്രമം ഉണ്ടാക്കണം. മുന്‍ഗണനാക്രമം നിശ്ചയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.