ഓസീസ് താരങ്ങൾ ഐപിഎൽ രണ്ടാം പാദത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള സാധ്യതയേറുന്നു. ഐപിഎൽ നടക്കുന്ന സമയത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ ത്രിരാഷ്ട്ര ടി-20 പരമ്പര സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ്. അങ്ങനെയെങ്കിൽ ഓസീസ് താരങ്ങൾ ഐപിഎലിൽ നിന്ന് വിട്ടുനിൽക്കും.

സെപ്തംബർ അവസാനത്തോടെ വെസ്റ്റ് ഇൻഡീസ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളെ പങ്കെടുപ്പിച്ച് ടി-20 പരമ്പര സംഘടിപ്പിക്കാനാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ഒരുങ്ങുന്നത്. ഒക്ടോബറിൽ ടി-20 ലോകകപ്പ് നടക്കുന്നതിനാൽ അതിനുള്ള തയ്യാറെടുപ്പ് എന്ന നിലയിൽ പരമ്പര സംഘടിപ്പിക്കാനാണ് ശ്രമം.

വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ് പര്യടനങ്ങൾക്കുള്ള ഓസ്ട്രേലിയൻ ടീമിൽ നിന്ന് പ്രമുഖരായ പല താരങ്ങളും പിന്മാറി. ഇത് നിരാശാജനകമാണെങ്കിലും താരങ്ങളുടെ തീരുമാനത്തെ മാനിക്കുന്നു എന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. വിൻഡീസിനും ബംഗ്ലാദേശിനുമെതിരെ അഞ്ച് വീതം ടി-20 മത്സരങ്ങളാണ് ഓസ്ട്രേലിയ കളിക്കുക.

പാറ്റ് കമ്മിൻസ്, ഡേവിഡ് വാർണർ, ഗ്ലെൻ മാക്സ്‌വൽ, കെയ്ൻ റിച്ചാർഡ്സൺ, ഡാനിയൽ സാംസ്, ഝൈ റിച്ചാർഡ്സൻ, മാർകസ് സ്റ്റോയിസ് എന്നിവരാണ് പിന്മാറിയത്. കൈമിട്ടിനു പരുക്കേറ്റതിനെ തുടർന്ന് സ്റ്റീവ് സ്മിത്തും ടീമിനു പുറത്താണ്. ആഷസിനു മുൻപ് പൂർണമായും ഫിറ്റ്നസ് വീണ്ടെടുക്കാനാണ് സ്മിത്തിന് വിശ്രമം അനുവദിച്ചത്.

ഐപിഎൽ രണ്ടാം പാദ മത്സരങ്ങൾ യുഎഇയിലാണ് നടക്കുക. സെപ്തംബർ 18 മുതൽ ഒക്ടോബർ 10 വരെയാവും മത്സരങ്ങളെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒക്ടോബർ 9നോ 10നോ ഫൈനൽ നടന്നേക്കും. 10 ഡബിൾ ഹെഡറുകളാണ് ഉണ്ടാവുക എന്നും റിപ്പോർട്ടുകളുണ്ട്.