ന്യൂഡല്‍ഹി: മുന്‍ ബിജെപി നേതാവ് മുകുള്‍ റോയിക്ക് നല്‍കിയിരുന്ന ഇസഡ് കാറ്റഗറി സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. മുകുള്‍ റോയി തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് ദിവസങ്ങള്‍ക്കകമാണ് സുരക്ഷ പിന്‍വലിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് മുകുള്‍ റോയിക്ക് നല്‍കുന്ന സുരക്ഷ പിന്‍വലിക്കാന്‍ സിആര്‍പിഎഫിന് നിര്‍ദേശം നല്‍കിയത്.

കഴിഞ്ഞ ആഴ്ചയാണ് മുകുള്‍ റോയിയും മകന്‍ സുബ്രാങ്ഷുവും തൃണമൂലില്‍ തിരിച്ചെത്തിയത്. തൃണമൂലിന്റെ സ്ഥാപക നേതാക്കളിലൊരാളായ മുകുള്‍ റോയി 2017ലാണ് തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേക്കേറിയത്.

കഴിഞ്ഞ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുകുള്‍ റോയി കൃഷ്ണനഗര്‍ മണ്ഡലത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മല്‍സരിച്ച്‌ നിയമസഭയിലെത്തിയിരുന്നു. തന്റെ സുരക്ഷ പിന്‍വലിക്കണമെന്ന് മുകുള്‍ റോയി നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നു. അതിന്റെ ഭാഗം കൂടിയാണ് നടപടി.

മുകുള്‍ റോയി ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റായിരുന്നു.

നേരത്തെ മുകുള്‍ റോയിക്ക് വൈ കാറ്റഗറി സുരക്ഷയാണ് നല്‍കിയിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പോയെയാണ് അത് ഇസഡ് കാറ്റഗറിയായി ഉയര്‍ത്തിയത്.