കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് പുനഃപരിശോധിക്കുമെന്ന ദിഗ്‌വിജസ് സിംഗിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി. ക്ലബ് ഹൗസില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ഒരു പാകിസ്താനി മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ദിഗ്‌വിജയ് സിംഗ് നല്‍കിയ മറുപടിയാണ് വിവാദമായത്.

370-ാം ആര്‍ട്ടിക്കിള്‍ റദ്ദാക്കിയപ്പോള്‍ കശ്മീരില്‍ ജനാധിപത്യം ഉണ്ടായിരുന്നില്ലെന്ന് ദിഗ്‌വിജയ് സിംഗ് ആരോപിച്ചു. അവിടെ എല്ലാവരെയും തടവിലാക്കിക്കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ അത്തരമൊരു നടപടിയിലേക്ക് കടന്നത്. ഹിന്ദു രാജാവ് ഭരിച്ചിരുന്ന മുസ്ലീം ഭൂരിപക്ഷ പ്രദേശമായിരുന്നു കശ്മീര്‍. എന്നാല്‍ അവിടെ സഹവര്‍ത്തിത്വമുണ്ടായിരുന്നു. അത് തകര്‍ക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചതെന്ന് ദിഗ്‌വിജയ് സിംഗ് പറഞ്ഞു.

കോണ്‍ഗ്രസിന്റെ ഈ മാനോഭാവമാണ് കശ്മീരില്‍ വിഘടനവാദത്തിന്റെ വിത്തുകള്‍ വിതയ്ക്കുന്നതെന്നായിരുന്നു കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ഇതിനോട് പ്രതികരിച്ചത്. കോണ്‍ഗ്രസിന്റെ പേര് ഐഎന്‍സി എന്നതിന് പകരം എഎന്‍സി (ആന്റി നാഷണല്‍ ക്ലബ് ഹൗസ്) എന്നാക്കി മാറ്റണമെന്ന് ബിജെപി ദേശീയ വക്താവ് സാംബിത് പത്ര പറഞ്ഞു. കശ്മീരിലേക്ക് വിഘടനവാദികളെ തിരിച്ചുകൊണ്ടുവരുന്നതാണോ കോണ്‍ഗ്രസ് പുനഃപരിശോധിക്കുന്നതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹനും പ്രതികരിച്ചു.