ഭോപ്പാല്‍: രാജാബോജ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് വിമാനം റാഞ്ചുമെന്ന് ഭീഷണി സന്ദേശം. വിമാനം റാഞ്ചി പാകിസ്താനിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു ഭീഷണി. സംഭവത്തില്‍ മധ്യപ്രദേശിലെ ഷുജല്‍പൂരില്‍ താമസിക്കുന്ന ഉജ്ജ്വല്‍ ജെയിന്‍ എന്നയാള്‍ പിടിയിലായി.

ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് വിമാനത്താവളത്തിലേയ്ക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ഭോപ്പാല്‍, ഇന്‍ഡോര്‍ വിമാനത്താവളങ്ങളില്‍ നിന്ന് വിമാനം റാഞ്ചി പാകിസ്താനിലേയ്ക്ക് കൊണ്ടുപോകുമെന്നായിരുന്നു ഭീഷണി. ഇതോടെ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ പോലീസിനെ വിവരം അറിയിച്ചു. ഭീഷണി കണക്കിലെടുത്ത് വിമാനത്താവളങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തു.

ഭീഷണി സന്ദേശം ലഭിച്ച നമ്ബര്‍ കേന്ദ്രീകരിച്ച്‌ പോലീസും ക്രൈം ബ്രാഞ്ചും അന്വേഷണം നടത്തി. ഈ അന്വേഷണത്തില്‍ അശോക ഗാര്‍ഡനിലെ വിലാസത്തിലുള്ള ഉജ്ജ്വല്‍ എന്നയാളാണ് നമ്ബറിന്റെ ഉടമയെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് അശോക ഗാര്‍ഡനിലെത്തിയെങ്കിലും പോലീസിന് ഇയാളെ പിടികൂടാനായില്ല. 2014ല്‍ ഇയാള്‍ അശോക ഗാര്‍ഡനില്‍ നിന്നും താമസം മാറിയിരുന്നു. തുടര്‍ന്ന് ഷുജല്‍പൂരില്‍ നിന്നാണ് ഉജ്ജ്വലിനെ ക്രൈം ബ്രാഞ്ച് പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.