കൊല്ലം; റെയില്‍വേ സ്റ്റേഷനില്‍ 97 കുപ്പി കര്‍ണാടക നിര്‍മ്മിത വിദേശ മദ്യവുമായി സൈനികന്‍ ഉള്‍പ്പടെ രണ്ട് പേര്‍ അറസ്റ്റില്‍. ആറ്റിങ്ങല്‍ സ്വദേശിയും ആസാം മിസമാരി മിലിറ്ററി ഫീല്‍ഡ് വെറ്റിനറി ഹോസ്പിറ്റലിലെ ശിപായിയുമായ അമല്‍, കഴക്കൂട്ടം സ്വദേശി അനില്‍കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് ബാംഗ്ലൂരില്‍ നിന്ന് ഐലന്റ് എക്സ്പ്രസില്‍ എത്തിയ സൈനികന്‍ അമലിന്റെ ബാഗുകളില്‍ നിന്ന് 60 കുപ്പി വിദേശ മദ്യം കണ്ടെത്തിയത്. കര്‍ണാടകയില്‍ മാത്രം വില്‍ക്കേണ്ട റം,വിസ്കി,ബ്രാന്റി,വോഡ്ക ഉള്‍പ്പടെ പല അളവിലുള്ള കൂടിയതും കുറഞ്ഞതുമായ വിദേശ മദ്യം ഇയാളുടെ രണ്ട് ബാഗുകളില്‍ നിന്ന് പോലീസ് കണ്ടെത്തി. മുമ്ബും ഇയാള്‍ മദ്യം കടത്തിയിട്ടുണ്ടോ എന്നും റെയില്‍വേ പൊലീസ് അന്വേഷിക്കുന്നുണ്ട്.

എന്നാല്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പ്ലാറ്റ്ഫോമില്‍ നിന്ന കഴക്കൂട്ടം സ്വദേശി അനില്‍കുമാറിന്റെ ബാഗുകള്‍ പരിശോധിച്ചപ്പോള്‍ 37 കുപ്പി കര്‍ണാടക നിര്‍മ്മിത വിദേശ മദ്യം പിടികൂടി. ഇയാള്‍ സ്ഥിരം മദ്യം കടത്തുന്ന ആളാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കേരളത്തില്‍ വിദേശമദ്യം വില്‍ക്കുന്നത് തടഞ്ഞ പശ്ചാത്തലം മുതലെടുത്ത് വന്‍ വിലയ്ക്കാണ് മദ്യ വില്‍പനയെന്നും പൊലീസിനു വിവരം ലഭിച്ചു. പ്രതികളെ പൊലീസ് റിമാന്റ് ചെയ്തു.