‘സഹോദരനെ രക്ഷിക്കാൻ സ്വന്തം ജീവൻ ത്യജിക്കുന്നതിനേക്കാൾ വലിയ സ്‌നേഹമില്ലെന്ന’ ക്രിസ്തുവചനംതന്നെയാകാം ജോയൽ ജിജോ എന്ന 22 വയസുകാരനെ ആ സാഹസത്തിന് പ്രേരിപ്പിച്ചത്. ബോട്ടിൽനിന്ന് വീണ സുഹൃത്തിനെ രക്ഷിക്കാൻ നടത്തിയ ശ്രമത്തിനിടയിൽ ജോയൽ മുങ്ങിമരിച്ചെന്ന വാർത്ത അദ്ദേഹത്തെ പരിചയമുള്ള ആർക്കും ഇനിയും ഉൾക്കൊള്ളാനായിട്ടില്ല, പ്രത്യേകിച്ച് ഹ്യൂസ്റ്റണിലെ ക്രൈസ്തവസമൂഹത്തിന്. ദൈവത്തിന് വലിയൊരു പദ്ധതിയുണ്ടെന്ന് പരസ്യമായി പറഞ്ഞുകൊണ്ട് സന്തോഷവും സന്താപവുമെല്ലാം പുഞ്ചിരിയോടെ സ്വീകരിക്കുന്ന ജോയലിന്റെ മുഖമാണ് അവരുടെയെല്ലാം മനസിൽ. ക്രിസ്തുവചനങ്ങൾ വാക്കുകൾക്കപ്പുറം ജീവിതംകൊണ്ട് സാക്ഷിച്ച് അത്രമേൽ അവരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് ആ 22 വയസുകാരൻ!

കൂട്ടുകാരുമായി സാൻ അന്റോണിയയിലെ ലേക്ക് ക്യാനിയനിലേക്ക് നടത്തിയ വിനോദയാത്രയിലായിരുന്നു ജോയലിന്റെ വിയോഗം. തടാകത്തിലെ ബോട്ട് യാത്രയ്ക്കിടയിൽ വെള്ളത്തിൽ വീണ കൂട്ടുകാരനെ രക്ഷിക്കാൻ ശ്രമിക്കവേ ജോയൽ മുങ്ങിത്താഴുകയായിരുന്നു. ഹ്യൂസ്റ്റൺ ക്‌നാനായ കാത്തലിക് ഇടവകാംഗമായ പുത്തൻപുര ജിജോ- ലൈല ദമ്പതികളുടെ മകനാണ്. മേയ്‌ 29ന് രാവിലെ 11.00നായിരുന്നു അപകടം. ജോയലിന്റെ മൃതദേഹം നാലു ദിവസത്തെ ശ്രമങ്ങൾക്കൊടുവിൽ ജൂൺ ഒന്നിനാണ് കണ്ടെടുത്തത്.

വിശ്വാസജീവിതത്തിലും ആത്മീയമായ ചിന്തകളിലും പ്രകടിപ്പിച്ച, പ്രായത്തിൽ കവിഞ്ഞ പക്വതയായിരുന്നു ജോയലിനെ ഏവർക്കും പ്രിയങ്കരനാക്കിയത്. ഒരു മകനായും സഹോദരനായും സുഹൃത്തായും മാത്രമല്ല, അനേകർക്ക് ക്രിസ്തുവിലേക്കുള്ള വഴിവിളക്കുമായി ആ യുവാവ്. ബഹുരാഷ്ട്ര കമ്പനിയിൽ സോഫ്ട്‌വെയർ എൻജിനിയറായി ജോലി ചെയ്യുമ്പോഴും ‘അനോയിന്റിംഗ് ഫയർ കാത്തലിക് മിനിസ്ട്രി’ എന്ന യുവജന പ്രാർത്ഥനാകൂട്ടായ്മയിലെ സജീവസാന്നിധ്യവുമായിരുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിലും വ്യാപൃതനായിരുന്നു അദ്ദേഹം.

ജോയലിന്റെ സവിശേഷത, പ്രകടനപരതയല്ല മറിച്ച്, അനേകരെ സ്വാധീനിക്കുന്ന ജീവിതശൈലിയാണെന്ന് ഓർക്കുകയാണ് ‘ശാലോം മീഡിയ സ്പിരിച്വൽ ഡയറക്ടർ’ റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ. ‘ഒറ്റ ദിവസംപോലും ദിവ്യബലി അവൻ മുടക്കിയിട്ടുണ്ടാവില്ല. അതുപോലെ, ആഴ്ചയിൽ ഒരിക്കലുള്ള കുമ്പസാരവും. തന്നേക്കാൾ പ്രായമുള്ളവർ ഉൾപ്പെടെ നിരവധി പേർക്ക് മാതൃകയുമായി. തന്റെയുള്ളിൽ ഈശോ തെളിച്ച വിശ്വാസനാളം പ്രോജ്വലിപ്പിച്ചു എന്നതിനപ്പുറം അനേകരിലേക്ക് അത് പകരുകയും ചെയ്തു ജോയൽ.’

ആത്മാക്കൾക്കുവേണ്ടി ദാഹിച്ച ഒരു പുണ്യാത്മാവായാണ് ജോയലിനെ പലരും അനുസ്മരിക്കുന്നത്. മരണത്തിന് ദിനങ്ങൾക്കുമുമ്പ് ജോയൽ പങ്കുവെച്ച വീഡിയോ സന്ദേശവും, ‘ദൈവത്തിന് നമ്മെക്കുറിച്ച് ഒരു പദ്ധതിയുണ്ട്’ എന്ന തിരുവചനത്തെ ആസ്പദമാക്കിയായിരുന്നു. മഹാമാരിയുടെ ദുരിതത്തിനു മുന്നിൽ നിരാശരാകാതെ പ്രാർത്ഥിക്കാൻ അനേകർക്ക് പ്രചോദനമേകുന്നതായിരുന്നു ആ വീഡിയോ. സന്തോഷം മാത്രമല്ല സന്താപവും ജോയൽ ദൈവപദ്ധതിയായി സ്വീകരിച്ചു എന്നത് വെറുംവാക്കല്ല. അതിനു ഉത്തമദൃഷ്ടാന്തങ്ങളിൽ ഒന്നാണ്, 2017ൽ ടെക്‌സസിലും ലൂസിയാനയിലും ആഞ്ഞടിച്ച ‘ഹാർവി’ ചുഴലിക്കൊടുങ്കാറ്റ്.

‘ഹാർവി’ മൂലമുണ്ടായ പ്രളയത്തിൽ ജോയലിന്റെ കുടുംബത്തിന് വീടും വസ്തുവകകളുമെല്ലാം നഷ്ടമായി. കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയതെല്ലാം നഷ്ടമായ വേദനയിൽ കഴിഞ്ഞിരുന്ന കുടുംബത്തെ പ്രത്യാശയിലേക്ക് നയിച്ചതിനു പിന്നിലെ പ്രധാന ശക്തി ജോയലായിരുന്നു എന്ന് അദ്ദേഹത്തിന്റെ കുടുംബംതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നും എപ്പോഴും ജോയലിന്റെ ചിന്തകളിൽ ദൈവവിചാരം മാത്രമായിരുന്നു എന്ന് ഓർക്കുകയാണ് ‘അനോയിന്റിംഗ് ഫയർ കാത്തലിക് മിനിസ്ട്രി’ കോർഡിനേറ്റർ ഐനീഷ്. മരിക്കുന്നതിന് മൂന്ന് നാല് ദിവസംമുമ്പാണ് അവർ ഒരുമിച്ചുകൂടി പ്രാർത്ഥിച്ചത്.

‘ആത്മാക്കളുടെ രക്ഷയായിരുന്നു വിചിന്തന വിഷയം. വീട്ടിലേക്കുള്ള മടക്കയാത്രയിൽ തന്റെ വലിയ രണ്ട് ആഗ്രഹങ്ങളാണ് ജോയൽ പങ്കുവെച്ചത്. ഒന്ന്, ആത്മാക്കളെ രക്ഷിക്കണം. ഈശോയെ അറിഞ്ഞിട്ടും തനിക്ക് അധികമൊന്നും ആത്മാക്കളെ രക്ഷിക്കാൻ കഴിഞ്ഞിട്ടില്ല, അതിനുള്ള ധൈര്യം തനിക്ക് ഇല്ലാത്തതുപോലെ, ആ ധൈര്യം തനിക്ക് നേടണം എന്ന ദുഃഖത്തോടെയാണ് അവൻ അത് പറഞ്ഞത്. തനിക്കൊരു വിശുദ്ധനാവണം എന്നതായിരുന്നു രണ്ടാമത്തെ ആഗ്രഹം,’ ഐനീഷ് അനുസ്മരിച്ചു.

ലേക്ക് ക്യാനിയനിലേക്കുള്ള ഉല്ലാസയാത്രയിലും അവന്റെ മനസ് ക്രിസ്തുകേന്ദ്രീകൃതമായിരുന്നു. ആ അന്ത്യയാത്രയിൽ, അവൻ സുഹൃത്തുക്കളോട് പങ്കുവെച്ചത് സ്വർഗ, നരക, ശുദ്ധീകരണ സ്ഥലങ്ങളെക്കുറിച്ചായിരുന്നു എന്ന് അറിയുമ്പോൾ ആരുടെയും ഉള്ളൊന്ന് പിടയും- യാദൃശ്ചികതയ്ക്കപ്പുറം ദൈവപദ്ധതിയായിരുന്നില്ലേ അതും! മനുഷ്യന്റെ അന്ത്യവിധിയുമായി ബന്ധപ്പെട്ട ഗൗരവവിഷയങ്ങളെ കുറിച്ച് എളിയവിധത്തിലെല്ലാം സുഹൃത്തുക്കളോട് പങ്കുവെച്ച് ബോട്ടിലേക്ക് പ്രവേശിക്കുമ്പോൾ അവന് അറിയാമായിരുന്നോ, അത് തന്റെ അന്ത്യയാത്രയാണെന്ന്?

ദൈവപദ്ധതിപോലെ അതും അജ്ഞാതം. എന്നാൽ, അവനെ സ്‌നേഹിക്കുന്നവർ പറയാതെ പറയുന്നത് ഒന്നുമാത്രം: ‘ഞങ്ങളുടെ ചിന്തയിൽ അകാലമാണെങ്കിലും അവിടുത്തേക്ക് ഇതായിരുന്നു ഉചിതമായ സമയം. ഹൃത്തിൽ ദുഃഖം അലയടിക്കുന്നുണ്ടെങ്കിലും ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവനെ അങ്ങേപ്പക്കലേക്ക് യാത്രയാക്കുന്നു, അങ്ങേ തിരുമുമ്പിൽ ഞങ്ങൾക്കായി പ്രാർത്ഥിക്കാൻ ഞങ്ങളുടെ പ്രിയപ്പെട്ടവൻ ഉണ്ടെന്ന വിശ്വാസത്തോടെ…’

ജോയലിന്റെ സ്മരണയ്ക്കായി, വൈദിക വിദ്യാർത്ഥികൾക്കായി സ്‌കോളർഷിപ്പ് ഏർപ്പെടുത്താനുള്ള തീരുമാനത്തിലാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർ. ജൂൺ ഒൻപതിന് മിസൗരി സിറ്റിയിലെ സെന്റ് മേരീസ് ക്‌നാനായ ഫൊറോനാ ദൈവാലയത്തിലാണ് മൃതസംസ്‌ക്കാര കർമം. സമയം പിന്നീട് അറിയിക്കും. ജൂൺ എട്ടിന് ദൈവാലയത്തിൽ പൊതുദർശനത്തിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്.

Courtsey:
sundayshalom.com