കൊവിഡ് ചികിത്സയ്ക്കായി നൽകുന്ന റെംഡെസിവിർ എന്ന വ്യാജേന ന്യുമോണിയ ഇഞ്ചക്ഷൻ വിറ്റ 7 പേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. ബണ്ടി സിംഗ്, സൽമാൻ ഖാൻ, മുസിർ, ഷാരൂഖ് അലി, അസ്‌ഹറുദ്ദീൻ, അബ്ദുൽ റഹ്മാൻ, ധരംവീർ വിശ്വകർമ്മ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്ത്യയിൽ ദിനംപ്രതിയുള്ള കൊവിഡ് കേസുകളുടെ എണ്ണം നാല് ലക്ഷത്തിന് മുകളിൽ തുടരുന്നു. 24 മണിക്കൂറിനിടെ 4,01,078 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 4187 പേർ മരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 2,38,270 ആയി.

രാജ്യത്ത് രോഗമുക്തി നിരക്ക് 81.90 ശതമാനത്തിൽ നിൽക്കുമ്പോൾ 17.01 ശതമാനമാണ് ആകെ രോഗബാധിതർ. കർണാടക, തമിഴ്‌നാട്, കേരളം, അസം എന്നീ സംസ്ഥാനങ്ങൾ പൂർണമായും അടച്ചിട്ടിരിക്കുകയാണ്. കൊവിഡ് ഗുരുതരമായ ഡൽഹിയിൽ ഓക്‌സിജൻ ക്ഷാമം പരിഹരിച്ച് തുടങ്ങിയതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറിയിച്ചു.