ഹിമന്ത ബിശ്വ ശർമ അസമിലെ അടുത്ത മുഖ്യമന്ത്രിയാകുമെന്നു സൂചന. ഡൽഹിയിൽ ചേർന്ന ഉന്നതതല ചർച്ചകളിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. ഇന്ന് ഗുവഹട്ടിയിൽ നടക്കുന്ന നിയമസഭാ കക്ഷി യോഗത്തിനു ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരാഴ്ചയിലേറെയായി തുടരുന്ന അനിശ്ചിതത്വത്തിന് ശേഷമാണ്, അസമിലെ അടുത്ത മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ബിജെപി നേതൃത്വത്തിന് ധാരണയിലെത്താനായത്.

ഡൽഹിയിൽ ഉന്നത നേതാക്കൾ ഇടപെട്ട് നടത്തിയ ചർച്ചയ്ക്കൊടുവിൽ ഹിമന്ത ബിശ്വ ശർമയെ മുഖ്യമന്ത്രി ആക്കാനാണ് ധാരണ ആയത്. ചാർട്ടേഡ് വിമാനത്തിൽ ഡൽഹിയിലെത്തിയ സർബാനന്ദ സോനോവാൾ, ഹിമന്ത ബിശ്വ ശർമ എന്നീ നേതാക്കളുമായി, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ, ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് എന്നിവർ പലതവണ ചർച്ചകൾ നടത്തി.

തുടർഭരണം ലഭിച്ചത് സർബാനന്ദ സോനേവാളിന്റെ ഭരണനേട്ടത്തിന്റെ മികവിലാണെന്ന് ബിജെപി കേന്ദ്രനേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാൽ സംസ്ഥാത്തെ ബിജെപിയുടെ 60 നിയുക്ത എംഎൽഎമാരിൽ നാൽപ്പതിലേറെപ്പേർ ഹിമന്ത ബിശ്വ ശർമ്മയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചത് ആയാണ് സൂചന. ഇത് പരിഗണിച്ചാണ് കേന്ദ്രനേതൃത്വം ഹിമന്തയെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചത്. ഇന്ന് നടക്കുന്ന സർവകകഷി യോഗത്തിൽ തീരുമാനം പ്രഖ്യാപിച്ചേക്കും. കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമറും, ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്ങും നിരീക്ഷകരായി യോഗത്തിൽ പങ്കെടുക്കും. അടുത്ത കേന്ദ്ര മന്തിസഭ പുനഃസംഘടനയിൽ സർബാനന്ത സോനേവാൾ കേന്ദ്രമന്ത്രിയായെക്കുമെന്നും റിപ്പോർട്ടുകളുണ്ട്.