നാദാപുരം∙ വിലങ്ങാട് സ്വദേശികളായ ദമ്പതികളും മരുമകളും അഹമ്മദാബാദിൽ കോവിഡ് ചികിത്സയ്ക്കിടയിൽ മരിച്ചു. കാരിക്കുന്നേൽ കെ.ടി .ഫിലിപ് (71), ഭാര്യ മേരി (66), മകൻ തോമസ്കുട്ടിയുടെ ഭാര്യയും ഗുജറാത്ത് ഹൈക്കോടതിയിലെ സീനിയർ ക്ലാർക്കുമായ സ്മിത (43) എന്നിവരാണു മരിച്ചത്. അഹമ്മദാബാദിൽ വ്യാപാരിയായ തോമസ്കുട്ടി കോവിഡിനെ തുടർന്നു ചികിത്സയിലാണ്. ഇവരുടെ മകൻ പ്ലസ് വൺ വിദ്യാർഥി ജോഹാനെയും കോവിഡ് ബാധിച്ചെങ്കിലും രോഗം മാറിയിട്ടുണ്ട്.

മേരി വ്യാഴാഴ്ചയാണു മരിച്ചത്. ഭാര്യയുടെ മരണ വിവരം അറിയാതെ ഫിലിപ് വെള്ളിയാഴ്ച മരിച്ചു. ഇന്നലെയായിരുന്നു സ്മിതയുടെ വിയോഗം. ഫിലിപ്പിന്റെയും മേരിയുടെയും മറ്റു മക്കൾ: ഫാ. ജോമോൻ (സിഎംഐ, ഉത്തരാഖണ്ഡ്), ജിസി മോൾ എടക്കാട്ട്കുടിയിൽ (കോതമംഗലം). മറ്റൊരു മരുമകൾ: ജെറി. ഫിലിപ്പിന്റെ സഹോദരങ്ങൾ: വർഗീസ്, ജോസഫ്, ആന്റണി (എൽഐസി, താമരശ്ശേരി), ത്രേസ്യാമ്മ കാവിൽ പുരയിടം, അന്നമ്മ പുതിയാമറ്റത്തിൽ. മേരിയുടെ സഹോദരങ്ങൾ: വൽസമ്മ പാലാവയൽ, പെണ്ണമ്മ (ചെമ്പ്ര), ജോസഫ് പുതിയാമറ്റത്തിൽ, പാപ്പച്ചൻ കാക്കവയൽ, ജോൺ (റിട്ട. എച്ച്എം, പൂതംപാറ എൽപി സ്കൂൾ), ജോസ്, ലിസാമ്മ, സലിൻ (പുല്ലൂരാംപാറ), ജെയിൻ (വ്യാപാരി, വിലങ്ങാട്). മരിച്ച സ്മിത പത്തനംതിട്ട സ്വദേശി വർഗീസ് ചേടിയത്തിന്റെ മകളാണ്. അമ്മ: റോസാമ്മ വർഗീസ്. സഹോദരി: സ്മിനു.