കൊല്‍ക്കത്ത: ബംഗാളിലെ കൂച്ച്‌ ബെഹാര്‍ ജില്ലയിലെ പോളിംഗ് സ്‌റ്റേഷനില്‍ കേന്ദ്ര സേനയുടെ വെടിയേറ്റ് നാലുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചനമറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് വേളയില്‍ നടന്ന ആക്രമസംഭവങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയ നരേന്ദ്രമോദി കേന്ദ്ര സേനയ്‌ക്കെതിരെ ജനങ്ങളെ തിരിച്ചതിന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ പ്രതിക്കൂട്ടിലാക്കുകയും ചെയ്തു. അതേസമയം കൂച്ച്‌ ബെഹാറിലെ സിതാല്‍കുചി മണ്ഡലത്തിലെ 126ാം നമ്ബര്‍ ബൂത്തില്‍ തിരഞ്ഞെടുപ്പ് നിര്‍ത്തി വച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.

കൂച്ച്‌ ബെഹാറില്‍ 300-350തോളം വരുന്ന ആളുകള്‍ സി.ഐ.എസ്.എഫ് സൈനികരെ ആക്രമിക്കുകായിരുന്നു. സംഘം സൈനികരില്‍ നിന്നും ആയുധങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതായും സ്വയരക്ഷയ്ക്കായി വെടിവയ്‌ക്കേണ്ടിവരികയായിരുന്നെന്നുമാണ് കൂച്ച്‌ ബെഹാര്‍ എസ്.പി നല്‍കിയിരിക്കുന്ന വിശദീകരണം. ഇന്ന് നടക്കുന്ന നാലാംഘട്ട തിരഞ്ഞെടുപ്പ് ബംഗാളിലെ പ്രമുഖ നേതാക്കന്‍മാരുടെ വിധി നിര്‍ണയിക്കുന്നതില്‍ സുപ്രധാനമാണ്. ഇക്കൂട്ടത്തില്‍ കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോ, പശ്ചിമ ബംഗാള്‍ മന്ത്രിമാരായ പാര്‍ത്ത ചാറ്റര്‍ജി, അരൂപ് ബിശ്വാസ് എന്നിവരും ഉള്‍പ്പെടും.

ഈ ഘട്ടത്തില്‍, വടക്കന്‍ ബംഗാളിലെ കൂച്ച്‌ ബെഹാര്‍, അലിപൂര്‍ദുര്‍ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 44 സീറ്റുകളലും ‘സൗത്ത് 24 പര്‍ഗാനാസ്’, ഹൗറ, ഹൂഗ്ലി എന്നിവയുടെ ചില ഭാഗങ്ങളിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഹൗറയിലെ ഒമ്ബത് നിയമസഭാ മണ്ഡലങ്ങളിലും സൗത്ത് 24 പര്‍ഗാനകളിലെ പതിനൊന്നും അലിപൂര്‍ദുവറില്‍ അഞ്ചും കൂച്ച്‌ബെഹറില്‍ ഒമ്ബതും ഹൂഗ്ലിയില്‍ പത്തും മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.