നാഗ്പുര്‍: ആര്‍ എസ് എസ് സര്‍സംഘചാലക് ഡോ മോഹന്‍ ഭാഗവതിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏകദേശം 20 ദിവസം മുമ്ബ് ആയിരുന്നു മോഹന്‍ ഭാഗവത് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്.

സുഖമില്ലാതായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആര്‍ ടി പി സി ആര്‍ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. ഈ പരിശോധനയിലാണ് കോവിഡ് 19 പോസിറ്റീവ് ആണെന്ന് അറിഞ്ഞത്. കഴിഞ്ഞവര്‍ഷം ഏകദേശം ഏഴ് – എട്ട് മുതിര്‍ന്ന ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. മോഹന്‍ ഭാഗവതിന് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആര്‍ എസ് എസ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മറ്റുള്ളവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. അതേസമയം, കഴിഞ്ഞദിവസം കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും. കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മുഖ്യമന്ത്രിയെ ചികിത്സിക്കുന്ന മെഡിക്കല്‍ സംഘം വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് തെരഞ്ഞെടുപ്പ് ദിവസം കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പി പി ഇ കിറ്റ് ധരിച്ച്‌ ആയിരുന്നു വീണ വോട്ട് ചെയ്യാന്‍ എത്തിയത്. വീണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിക്കും ഭാര്യക്കും വീണയുടെ മകനും കോവിഡ് പരിശോധന നടത്തിയത്. ഈ പരിശോധനയില്‍ മുഖ്യമന്ത്രിക്കും കൊച്ചുമകന്‍ ഇഷാനും കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആയിരുന്നു.

രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കോവിഡ് പരിശോധന നടത്തിയത്. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍ ആയിരുന്ന അദ്ദേഹത്തെ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയില്‍ നിന്നുള്ള ഉമ്മന്‍ ചാണ്ടിയുടെ ചിത്രങ്ങള്‍ കഴിഞ്ഞദിവസം മകന്‍ ചാണ്ടി ഉമ്മന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്നും ആരോഗ്യം ഭേദപ്പെട്ടു വരികയാണെന്നും ചിത്രത്തിനൊപ്പം ചാണ്ടി ഉമ്മന്‍ കുറിച്ചിരുന്നു.