കൊവിഡ് വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് മഹാരാഷ്ട്ര, ഒഡീഷ, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ നൂറിലധികം വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ അടച്ചു. രണ്ടാം തരംഗം രൂക്ഷമായ മഹാരാഷ്ട്രയിലെ മുംബൈയില്‍ 75 കേന്ദ്രങ്ങള്‍ ഇന്ന് അടച്ചു. മുംബൈ ബികെസിയിലെ ജംബോ വാക്‌സിനേഷന്‍ കേന്ദ്രത്തിന് മുന്‍പില്‍ പ്രതിഷേധമുയര്‍ന്നു.

സംസ്ഥാനങ്ങളെ പക്ഷഭേദമില്ലാതെ സഹായിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. പ്രായഭേദമന്യേ എല്ലാവര്‍ക്കും വാക്‌സിന്‍ ഉറപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് രാഹുല്‍ ഗാന്ധി കത്തയച്ചു.

 

കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വാക്‌സിന്‍ ലഭ്യത കുറഞ്ഞതാണ് കേന്ദ്രങ്ങള്‍ അടച്ചിടാന്‍ കാരണമെന്ന് ബിഎംസി അറിയിച്ചു. ഈ സ്ഥിതി തുടര്‍ന്നാല്‍ കൂടുതല്‍ കേന്ദ്രം അടക്കേണ്ടി വരുമെന്ന് ബിഎംസി വ്യക്തമാക്കി. ഒഡീഷയില്‍ 700 കേന്ദ്രങ്ങളില്‍ ഇതിനോടക്കം അടച്ചു. ആന്ധ്രാപ്രദേശിലും തെലുങ്കാനയ്ക്ക് പുറമെ രാജസ്ഥാനും കൂടുതല്‍ വാക്‌സിന്‍ വേണമെന്ന ആവശ്യവുമായി രംഗത്തെത്തി. രണ്ട് ദിവസം കൂടി നല്‍കാനുള്ള വാക്‌സിന്‍ മാത്രമേ സംസ്ഥാനത്തുള്ളൂ എന്ന് ചൂണ്ടിക്കാട്ടി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു.

ഏപ്രില്‍ 11 മുതല്‍ 14 വരെ വാക്‌സിന്‍ ഉത്സവമായി നടത്താനാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. എന്നാല്‍ സംസ്ഥാനങ്ങള്‍ മുന്നോട്ടുവച്ച ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങള്‍ക്കും പര്യാപ്തമായ വാക്‌സിന്‍ ഡോസുകള്‍ നല്‍കിയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ആക്ഷേപം രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു. 19 മില്യണ്‍ ഡോസ് വാക്‌സിന്‍ ഇതിനോടകം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.