ബെംഗളൂരു: കൊവിഡ് വ്യാപനം തടയുന്നതിനായി ബെംഗളൂരു ഉള്‍പ്പെടെ സംസ്ഥാനത്തെ ഏഴു നഗരങ്ങളില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. ബെംഗളൂരു, മൈസുരു, മംഗളൂരു, കലബുര്‍ഗി, ബിദാര്‍, ഉഡുപ്പി, തുമകുരു, മണിപ്പാല്‍ നഗരങ്ങളിലാണ് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ദിവസേനയുള്ള കൊറോണ വൈറസ് കേസുകളില്‍ വന്‍ വര്‍ധനവ് ഉണ്ടായതിനെ തുടര്‍ന്നാണ് തീരുമാനം. ഇതുപ്രകാരം ഏപ്രില്‍ 10 മുതല്‍ രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെ സംസ്ഥാനത്തെ ചില നഗരങ്ങളില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തും. ഏപ്രില്‍ 20 വരെ രാത്രികാല കര്‍ഫ്യൂ തുടരും. ജില്ലാ കേന്ദ്രങ്ങളിലും ഇത് ബാധകമാവുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പറഞ്ഞു.

കൊവിഡ് 19 സാഹചര്യത്തെക്കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം അവശ്യ സേവനങ്ങള്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ പറയുന്നതനുസരിച്ച്‌ വാണിജ്യ സ്ഥാപനങ്ങള്‍ രാത്രി കര്‍ഫ്യൂ സമയങ്ങളില്‍ അടച്ചിരിക്കണം. എന്നിരുന്നാലും, വാഹന സഞ്ചാരത്തിന് നിയന്ത്രണമില്ല. ബെംഗളൂരു നഗരത്തിലെ 4,422 കേസുകള്‍ ഉള്‍പ്പെടെ ഇന്നലെ കര്‍ണാടകയില്‍ 6,570 കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. കര്‍ണാടകയിലെ പോസിറ്റീവിറ്റി നിരക്ക് നിലവില്‍ 6.04 ശതമാനമാണ്.