കൊല്ലം: സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി ചടയമംഗലത്തും ഇടതുമുന്നണിയില്‍ പൊട്ടിത്തെറി. ചിഞ്ചുറാണിയെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ സി പി ഐ പ്രവര്‍ത്തകരാണ് പ്രതിഷേധ പ്രകടനം നടത്തിയത്. എ.മുസ്തഫയെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സ്ത്രീകളടക്കം ഇരുന്നൂറോളം പേര്‍ പ്രകടനത്തില്‍ പങ്കെടുത്തു.

സിപിഐ സംസ്ഥാന സമിതി അംഗമാണ് ജെ.ചിഞ്ചുറാണി. പ്രാദേശിക നേതൃത്വത്തിന്‍്റെ കടുത്ത എതിര്‍പ്പ് മറികടന്നാണ് സി പി ഐ കൊല്ലം ജില്ലാ നേതൃയോഗം ചിഞ്ചു റാണിയെ സ്ഥാനാര്‍ഥിയാക്കാന്‍ ഉള്ള നിര്‍ദ്ദേശം സംസ്ഥാന കൗണ്‍സിലിന് നല്‍കിയത്. പ്രാദേശിക നേതാവ് എ.മുസ്തഫയെ സ്ഥാനാര്‍ഥിയാക്കണമെന്ന് പ്രാദേശിക ഘടകങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വനിതാ പ്രാതിനിധ്യം എന്ന നിലപാട് ഉയര്‍ത്തി നേതാക്കള്‍ പ്രാദേശിക നേതൃത്വത്തിന്‍്റെ ആവശ്യം തള്ളുകയായിരുന്നു. തീരുമാനത്തിനെതിരെ പരസ്യ പ്രതിഷേധം ഉയര്‍ത്തുമെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം, സിപിഎമ്മിന്റെ സിറ്റിം​ഗ് സീറ്റ് കേരളാ കോണ്‍​ഗ്രസിന് വിട്ടുകൊടുത്തതില്‍ പ്രതിഷേധിച്ച്‌ കുറ്റ്യാടിയില്‍ സിപിഎം പ്രവര്‍ത്തകരുടെ വലിയ മാര്‍ച്ച്‌ നടന്നു. പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ വോട്ട് ചെയ്യാനുള്ള ആഗ്രഹം വ്യക്തമാക്കിയാണ് പ്രകടനം. കേന്ദ്ര നേതൃത്വത്തിന് അയച്ച പരാതിയും പരിഗണനയ്ക്ക് വരാതിരുന്നതോടെയാണ് പ്രവര്‍ത്തകരും അണികളും ശക്തി വ്യക്തമാക്കിയുള്ള പ്രകടനവുമായി രം​ഗത്തെത്തിയത്. പ്രാദേശിക വികാരം ദേശീയ-സംസ്ഥാന നേതൃത്വങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ ജില്ലാ കമ്മിറ്റിക്ക് പിഴവ് പറ്റിയെന്നാണ് പ്രതിഷേധക്കാരുടെ വിമര്‍ശനം.