വത്തിക്കാൻ സിറ്റി: ക്രൈസ്തവ സഭ വളർച്ചയുടെ പാതയിൽ- ലോകത്തിലെ കത്തോലിക്കാ ജനസംഖ്യ 1.34 ബില്യൺ (134 കോടി) പിന്നിട്ടു; ഒരു വർഷത്തിനിടയിൽമാത്രം വർദ്ധിച്ചത് 16 മില്യൺ (ഒരു കോടി 60 ലക്ഷം) കത്തോലിക്കർ! മാർച്ച് 26ന് വത്തിക്കാൻപത്രം ‘ഒസർവത്തോറോ റൊമാനോ’ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഉദ്ധരിക്കുന്ന വത്തിക്കാന്റെ 2021ലെ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2019ന്റെ ഒടുവിലാണ് കത്തോലിക്കാ ജനസംഖ്യം 1.34 ബില്യൺ കടന്നതെന്നും ഇത് ലോക ജനസംഖ്യയുടെ 17.7% ആണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ 16 മില്യൺ കത്തോലിക്കരുടെ വർദ്ധനവുണ്ടായിട്ടുണ്ട്. അതായത് 1.12%ത്തിന്റെ വർദ്ധന. ഇതേ കാലയളവിൽ ലോകജനസംഖ്യയുണ്ടായ വർദ്ധന 1.08% ആണ്. 2019 ഡിസംബർ 31 വരെയുള്ള കണക്കുകളാണ് 2021ലെ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

യൂറോപ്പ് ഒഴികെ എല്ലാ ഭൂഖണ്ഡങ്ങളിലും കത്തോലിക്കാ ജനസംഖ്യയിൽ വർദ്ധനവ് രേഖപ്പെടുത്തുന്നു. ലോകത്തിലെ 48.1% കത്തോലിക്കരും അമേരിക്കൻ ഭൂഖണ്ഡത്തിലാണ് ജീവിക്കുന്നത്. 21.2%മാണ് യൂറോപ്പിലെ കത്തോലിക്കാ ജനസംഖ്യ. ആഫ്രിക്കയിൽ 18.7%വും ഏഷ്യയിൽ 11%വും (ചൈന ഉൾപ്പെടാതെ) കത്തോലിക്കർ അധിവസിക്കുന്നു.

ആഗോള സഭയിലാകമാനം 5364 ബിഷപ്പുമാരണ്ട്. ഇടവക വൈദികരുടെയും വൈദികരുടെ എണ്ണത്തിലും നേരിയ വർധനവുണ്ടെങ്കിലും 2018 ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ വൈദിക വിദ്യാർത്ഥികളുടെ എണ്ണത്തിൽ 1.6%ത്തിന്റെ കുറവുണ്ട്. 2018ൽ 4,14,065 വൈദികർ ഉണ്ടായിരുന്നെങ്കിൽ 2019ൽ അത് 4,14,336 ആയി വർദ്ധിച്ചു. ആഫ്രിക്കയിൽ 3.45% വും ഏഷ്യയിൽ 2.91%വും യൂറോപ്പിൽ 1.5%വും അമേരിക്കയിൽ 0.5% വും വർദ്ധിച്ചു.

2018ൽ 115,880 വൈദിക വിദ്യാർത്ഥികളുണ്ടായിരുന്നെങ്കിൽ 2019ൽ അത് 114,058 ആയി കുറഞ്ഞു. സന്യാസിനിമാരുടെ എണ്ണത്തിലും 1.8%ത്തിന്റെ കുറവുണ്ടായിട്ടുണ്ട്. അതേസമയം പെർമനന്റ് ഡീക്കൻന്മാരുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 1.5%ത്തിന്റെ വളർച്ച രേഖപ്പെടുത്തി. പെർമനന്റ് ഡീക്കൻന്മാരിൽ 98%വും അമേരിക്കൻ ഭൂഖണ്ഡത്തിലും യൂറോപ്പിലുമാണ് സേവനം ചെയ്യുന്നത്.