രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം സുഗമമാക്കാന്‍ യൂസര്‍ മാനുവല്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. വാക്‌സിനേഷനായി എങ്ങനെ രജിസ്റ്റര്‍ ചെയ്യണം, വാക്‌സിന്‍ എടുക്കാനായി എത്തിച്ചേരേണ്ടത് എങ്ങനെ തുടങ്ങിയവ വിശദീകരിച്ചുകൊണ്ടുള്ള യൂസര്‍ മാനുവലാണ് പുറത്തിറക്കിയത്. സര്‍ക്കാരിന്റെ മാതൃകാപരമായ പ്രവര്‍ത്തനവും മുന്‍കരുതലും രാജ്യത്ത് വൈറസ് പടരുന്നത് തടയാന്‍ സഹായിച്ചിട്ടുണ്ടെന്ന് യൂസര്‍ മാനുവലിന്റെ ആമുഖത്തില്‍ അവകാശപ്പെടുന്നു.

ജനുവരി 16 മുതല്‍ ആരംഭിച്ച കൊവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടത്തിനാണ് ഇന്ന് തുടക്കം കുറിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ള കൊവിഡ് മുന്നണി പോരാളികള്‍ക്ക് വാക്‌സിന്‍ നല്‍കി. രണ്ടാം ഘട്ടത്തില്‍ 60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള മറ്റ് ആരോഗ്യ പ്രശ്‌നമുള്ളവര്‍ക്കുമാണ് വാക്‌സിന്‍ നല്‍കുക. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിന്‍ സൗജന്യമായി നല്‍കും. അതേസമയം, സ്വകാര്യ ആശുപത്രികള്‍ ഒരു ഡോസ് വാക്‌സിന് 250 രൂപ ഈടാക്കും. ഇതില്‍ 100 രൂപ സ്വകാര്യ ആശുപത്രികളുടെ സര്‍വീസ് ചാര്‍ജാണ്.