അമേരിക്കയിലെ ഒരു ഭാര്യയും തങ്ങളുടെ സ്നേഹത്തിന്റെ ആഴം കൊണ്ട് ലോകത്തെ കൊതിപ്പിക്കുകയാണ്. ഈയടുത്ത് വിവാഹ വാർഷികം ആഘോഷിച്ച ഇരുവരുടെയും ജീവിതകഥ ഇപ്പോൾ വൈറലാവുകയാണ്. അമേരിക്കയിലെ യൂട്ടയിലുള്ള സെൻറ് ജോർജിൽ താമസമാക്കിയ ഭർത്താവ് ഷായെയും ഭാര്യ അമാന്ത സ്കോട്ടെയും കഥയാണ് വൈറലായിരിക്കുന്നത്. തങ്ങളുടെ ജീവിതകഥ ഇരുവരും യൂട്യൂബിൽ ഷെയർ ചെയ്തിട്ടുണ്ട്. ഇതോടെയാണ് അത് ലോകശ്രദ്ധ ആകർഷിച്ചത്.
2006ലാണ് ഷായെയും അമാന്തയും തമ്മിൽ വിവാഹിതരാവുന്നത്. 2012ൽ അവർക്ക് ആദ്യത്തെ കുട്ടി പിറന്നു. രണ്ട് വർഷത്തിന് ശേഷം 2014ൽ അമാന്ത ഒരു ആൺകുട്ടിക്കും ജൻമം നൽകി. 2018ൽ ദമ്പതികൾക്ക് മൂന്നാമത്തെ കുഞ്ഞും പിറന്നു. ജീവിതത്തിലെ ആ ഘട്ടത്തിലാണ് തനിക്ക് ചില കാര്യങ്ങൾ ഭാര്യയോടെ പറയേണ്ടതുണ്ടെന്ന് ഷായെ തീരുമാനിക്കുന്നത്.
2019ലാണ് താനൊരു ട്രാൻസ്ജെൻഡറാണെന്ന വിവരം ഷായെ വെളിപ്പെടുത്തുന്നത്. എന്നാൽ അമാന്ത അത് ഉൾക്കൊള്ളാൻ യാതൊരു ബുദ്ധിമുട്ടും കാണിച്ചില്ല. ട്രാൻസ്ജെൻഡർ ആവുന്നതിൽ ഒരു തെറ്റുമില്ലെന്ന് സമൂഹം മനസ്സിലാക്കണമെന്ന് അമാന്ത പറയുന്നു.
‘ട്രാൻസ്ജെൻഡർ വ്യക്തികൾ വളരെ മനോഹരമായ വ്യക്തിത്വത്തിന് ഉടമകളാണ്. ട്രാൻസ്ജെൻഡർ ആവുന്നത് കുഴപ്പമുള്ള കാര്യമേയല്ലെന്ന് നമ്മൾ മനസ്സിലാക്കണം. ആളുകൾ ട്രാൻസ്ജെൻഡർ ആവുന്നത് ഇപ്പോഴത്തെ ട്രെൻഡ് ആണെന്ന് നമുക്ക് ചില തെറ്റിദ്ധാരണയുണ്ട്. എന്നാൽ ഇതൊക്കെ എക്കാലത്തും ഈ ലോകത്ത് ഉണ്ടായിരുന്നത് തന്നെയാണ്,’ അമാന്ത പറഞ്ഞു. ഷായെക്ക് എല്ലാവിധ പിന്തുണയും താൻ നൽകുന്നതായും അമാന്ത കൂട്ടിച്ചേർത്തു.
ഭാര്യയോട് തന്റെ അവസ്ഥ വിശദീകരിച്ചതിന് ശേഷം ഷായെ ഹോർമോൺ തെറാപ്പിക്ക് വിധേയനായി. ദമ്പതികളെന്ന നിലയിൽ ഷായെയും അമാന്തയും ഇപ്പോഴും മനോഹരമായി തന്നെയാണ് തങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നത്. ഈ വർഷം മെയ് 31നാണ് ഇരുവരും തങ്ങളുടെ 18ാം വിവാഹ വാർഷികം ആഘോഷിച്ചത്.
”ജീവിതം ഒരു പെട്ടി ചോക്ലേറ്റ് പോലെയാണ്,” തങ്ങളുടെ ജീവിതകഥ ഇൻസ്റ്റഗ്രാമിൽ ലോകത്തോട് പങ്കുവെക്കവേ ഷായെ ഇട്ട ക്യാപ്ഷൻ ഇങ്ങനെയാണ്. ഒരു വർഷം മുമ്പാണ് ഈ വീഡിയോ യൂ ട്യൂബിൽ പോസ്റ്റ് ചെയ്തത്. എന്നാൽ ഇപ്പോഴും ഇത് വലിയ തോതിലാണ് ഷെയർ ചെയ്യപ്പെടുന്നത്. ഷായെയുടെ ചെറുപ്പകാലത്തെയും കൗമാരകാലത്തെയും ചെറിയ വീഡിയോകൾ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
28.2 മില്യൺ (ഏകദേശം 2.8 കോടി പേർ) ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്. നിരവധി പേർ കമൻറ് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യുന്നുണ്ട്. 5 ലക്ഷത്തിലധികം പേർ ഇതിനോടകം പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്.



