ഹൂസ്റ്റൺ ∙ ഹൂസ്റ്റണിലെ ഭാഷ സ്നേഹികളുടെ സംഘടനയായ മലയാളം സൊസൈറ്റിയുടെ ജനുവരിമാസ സമ്മേളനം വെർച്വൽ ആയി നടത്തി. മലയാളം സൊസൈറ്റി പ്രസിഡന്റ് ജോർജ് മണ്ണിക്കരോട്ട് യോഗത്തിൽ അധ്യക്ഷനായിരുന്നു. സെക്രട്ടറി ജോർജ് പുത്തൻകുരിശ് അന്തരിച്ച സുഗതകുമാരി ടീച്ചറിനെയും, അനിൽ പനച്ചൂരാനെയും അനുസ്മരിച്ച് സംസാരിച്ചു. ഭാഷ സാഹിത്യ സമ്മേളനത്തിന് മോഡറേറ്ററായി നൈനാൻ മാത്തുള പ്രവർത്തിച്ചു. 2020 അറിഞ്ഞതും, 2021 അറിയേണ്ടതും എന്ന വിഷയത്തെ ആധാരമാക്കി എ. സി. ജോർജ് മുഖ്യപ്രഭാഷണം നടത്തി.

കഴിഞ്ഞുപോയ 2020 ലെ സംഭവ വികാസങ്ങളെ വിഹഗമായി വിലയിരുത്തിക്കൊണ്ട് അദ്ദേഹം സംസാരിച്ചു. ഒരു കുഞ്ഞു പിറക്കുമ്പോൾ എല്ലാവർക്കും വളരെ സന്തോഷം. 2020 പിറന്നു. മധുരം വിളമ്പി. ന്യൂയോർക്കിലെ ടൈം സ്ക്വയറിലും മറ്റും പുതുവർഷ ആനന്ദലഹരിയിൽ പരസ്പരം പലരും മുത്തമിട്ടു. എന്നാൽ ആ സന്തോഷം അധികം നീണ്ടുനിന്നില്ല. നവവർഷം ആകുന്ന ആ കുഞ്ഞ്, 2020 പുതുവർഷം കൊറോണ എന്ന മഹാ രോഗബാധിതമായിരുന്നു. കോവിഡ് മഹാമാരി വിതച്ച 2020 ഇന്നു സംസ്കരിക്കപ്പെട്ടു. 2021 ജന്മ പുലരിയിലാണ് നാമിപ്പോൾ.

2020 എന്ത് സംഭവിച്ചു. ലോകം മുഴുവൻ അങ്കലാപ്പിൽ. ചൈനയിലെ വുഹാനിൽ നിന്ന് പുറപ്പെട്ട മഹാമാരി. കോവിഡ് രോഗവുമായി ഒരു ലോക മഹായുദ്ധം. ലോക്ക്ഡൗൺ. അനേകം പേർ മരിച്ചു, സ്ഥാപനങ്ങൾ അടച്ചിട്ടു. കരാർ ജോലിക്കാരുടെ പലായനം. റെയിൽ പാളത്തിൽ ഉറങ്ങിയ തൊഴിലാളികൾ ട്രെയിൻ കയറി മരിച്ച ദാരുണ സംഭവങ്ങൾ, ആരാധനാലയങ്ങൾ പൂട്ടി, ജനം മാസ്ക്ക് ധരിച്ച്, സാമൂഹിക അകലം പാലിക്കാൻ നിർബന്ധിതരായി. അമേരിക്കയോട് അവജ്ഞ. അമേരിക്കൻ പ്രവാസികളെ കളിയാക്കി ചില കേരളക്കാർ.

2020 ലെ മുഖ്യ സംഭവവികാസങ്ങളെ പ്രഭാഷകൻ സമഗ്രമായി പ്രതിപാദിച്ചു. അമേരിക്ക ചൈന ശീതസമരം, ഇന്ത്യ–ചൈന പരസ്പര ആക്രമണങ്ങൾ, ഇസ്രായേൽ യുഎഇ കരാർ, ഇറാൻ ആണവ ശാസ്ത്രജ്ഞൻ വധം, ഹോങ്കോങ്ങിനെ വരിഞ്ഞുമുറുക്കി ചൈന, ടിക്ക് ടോക് തുടങ്ങിയ ചില ചൈനീസ് ആപ്പുകൾ ഇന്ത്യയിലും യുഎസിലും നിരോധിക്കപ്പെട്ടു, ഇസ്‌ലാമിക തീവ്രവാദി ഫ്രാൻസിൽ അധ്യാപകരുടെ തലയറുത്തു, ജോർജ് ഫ്ലോയിഡിന്റെ ദാരുണമായ കൊല, അമേരിക്കയിലെ കലാപം, തുടർന്ന് വംശീയ വിദ്വേഷം ആളിക്കത്തി. ഓസ്ട്രേലിയയിലെ തീപിടിത്തം. അമേരിക്കൻ തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ പ്രസിഡന്റായി. ആദ്യ വനിതാ വൈസ് പ്രസിഡന്റ് കമല ഹാരിസ് ഇന്ത്യൻ വംശജ. വിജയം അംഗീകരിക്കാതെ ഡോണൾഡ് ട്രംപ്. വാഷിംഗ്ടണിൽ അക്രമം അഴിഞ്ഞാട്ടം.

കേരള ഭരണത്തിനെതിരെ അഴിമതി, സ്വർണ്ണക്കടത്ത്, കള്ളക്കടത്ത് ആരോപണങ്ങൾ അറസ്റ്റ്. എന്നിട്ടും തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ മേൽക്കൈ നേടുന്നു എൽഡിഎഫ്. പാഠം പഠിക്കാത്ത കോൺഗ്രസ്. കേരള കോൺഗ്രസ് പിളർന്നു ജോസ് കെ. മാണി പക്ഷം എൽഡിഎഫിലേക്ക്. അപ്പനെ കോഴ മാണി എന്നു വിളിച്ചു ചവിട്ടി പുറത്താക്കിയവരോട് ചേർന്ന് ജോസ് കെ. മാണി. അവിശുദ്ധമായ കൂട്ടുകെട്ടുകൾ. കേരളത്തിൽ സഭാ തർക്കും പള്ളി പിടുത്തവും തുടർകഥ. സന്ധി സംഭാഷണങ്ങൾക്ക് വലിയ ഫലം ഉണ്ടാകുന്നില്ല. മൂന്നാറിലെ പെട്ടിമുടി ദുരന്തം ഉരുൾപൊട്ടൽ. കരിപ്പൂർ വിമാന അപകടം, ഓൺലൈൻ തട്ടിപ്പുകൾ. സ്ത്രീപീഡനം, ബലാൽസംഗം, വിഷപ്പാമ്പിനെ കൊണ്ട് കൊത്തിച്ചു ഭാര്യയെ കൊല, കോട്ടയത്തും പാലക്കാട്ടും ദുരഭിമാനക്കൊലകൾ. വർഷങ്ങൾ നീണ്ട അഭയ കൊലകേസ്സ് പുരോഹിതനും കന്യാസ്ത്രീയും തടങ്കലിൽ, ഭയക്കുന്ന മാധ്യമങ്ങൾ, മാധ്യമ സ്വാതന്ത്ര്യത്തിന് കടിഞ്ഞാൺ.

അമേരിക്കയിലെ ലോക്കൽ ഇലക്ഷനുകളിൽ മലയാളികൾ മുന്നേറ്റം. അമേരിക്കയിലെ ചില അംബർലാ അസ്സോയേഷനുകൾ പിളർന്നു. തൊഴുത്തിൽകുത്ത് കേസ്. പതിവ് മാതിരി സിനിമാ താരങ്ങളെയും രാഷ്ട്രീയക്കാരെയും മതമേധാവികളും തോളിലേറ്റി പൊക്കി പിടിച്ചുകൊണ്ടുള്ള മീറ്റിങ്ങുകൾ.

2020 മരണട്ട ചില പ്രമുഖർ, പ്രണാബ് മുഖർജി, എസ്. പി. ബാലസുബ്രഹ്മണ്യം, ജേശ്വന്ത് സിംഗ്, രാംവിലാസ് പാസ്വാൻ, കസ്തൂരിരംഗൻ, പി. പരമേശ്വരൻ, പണ്ഡിറ്റ് ജസ്‌രാജ്, മറഡോണ, ചുനി ഗോസ്വാമി, എം. കെ. അർജ്ജുനൻ, എ. ബി. രാജ്, കെ. ആർ. സച്ചിദാനന്ദൻ, എം. പി. വീരേന്ദ്രകുമാർ, മഹാകവി അക്കിത്തം, നിലമ്പൂർ മധുസൂദനൻ നായർ, യു. എ. ഖാദർ, സുഗതകുമാരി ടീച്ചർ, അനിൽ പനച്ചൂരാൻ തുടങ്ങിയവരെ എ. സി. ജോർജ് പ്രസംഗത്തിൽ അനുസ്മരിച്ചു.

2021 മഹാമാരിക്കെതിരായ ആരോഗ്യരംഗത്തെ പോരാട്ടവും, പുതിയ വാക്സിനും ഫലപ്രദം എന്ന് പ്രതീക്ഷിക്കാം. രാഷ്ട്രീയക്കാരും മതമേധാവികളും പുരോഹിതനും കുറച്ചുകൂടി തത്വത്തിൽ നീതിനിഷ്ഠ പുലർത്തും എന്ന് പ്രതീക്ഷിക്കാം. എഴുത്തുകാർ, മാധ്യമങ്ങൾ, അനീതിക്കും അക്രമത്തിനും എതിരെ കൂടുതൽ ഉച്ചത്തിൽ ശബ്ദിക്കും എന്ന ശുഭപ്രതീക്ഷയോടെ ജോർജ് പ്രഭാഷണം ഉപസംഹരിച്ചു.

തുടർന്നും, ഒരു കൃമിയുടെ ജീവിതം എന്ന ശീർഷകത്തിൽ ജോസഫ് തച്ചാറ ചെറുകഥ വായിച്ചു. ജെയ്മോൻ എന്ന കഥാപാത്രം പെട്ടെന്ന് പണം ഉണ്ടാക്കാം എന്ന മോഹത്തിൽ കള്ളക്കടത്തുകാരുടെയും ഗുണ്ടകളുടെയും വലയിൽ അകപ്പെട്ടു ചതിക്കപ്പെട്ട കഥ ആണ് ഇവിടെ അനാവരണം ചെയ്യപ്പെട്ടത്.

വിഷയങ്ങളെ ആധാരമാക്കിയ പൊതുചർച്ചയിൽ കുര്യൻ മ്യാലിൽ, ടി. ജെ. ഫിലിപ്പ്, തോമസ് കളത്തൂർ, ഗോപിനാഥ പിള്ള, ശാന്താ പിള്ള, ജോർജ്ജ് മണ്ണിക്കരോട്ട്, ടി. എൻ. സാമുവൽ, എ. സി. ജോർജ്, ജോസഫ് തച്ചാറി, ജോർജ്ജ് പുത്തൻകുരിശ്, പൊന്നുപിള്ള, റവ. ഡോക്ടർ. തോമസ് അമ്പലവേലിൽ, മാത്യു പന്നപാറ, സുകുമാരൻ നായർ, അല്ലി നായർ, ജെയിംസ് ചിറതടത്തിൽ, ജോൺ കുന്തറ, നൈനാൻ മാത്തുള തുടങ്ങിയവർ സജീവമായി പങ്കെടുത്തു.

എ. സി. ജോർജ് വെർച്യുൽ മീറ്റിങ്ങിന് ടെക്നിക്കൽ സഹായം നൽകി. മലയാളം സൊസൈറ്റി വൈസ് പ്രസിഡന്റ് ശ്രീമതി പൊന്നുപിള്ള നന്ദി പ്രസംഗം നടത്തി.

യോഗം വീഡിയോ ലിങ്ക് താഴെകൊടുക്കുന്നു.

മലയാളം സൊസൈറ്റിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക:

www.mannickarottu.net