നിയമസഭ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ എല്ലാ നടപടികളും ദുരൂഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സ്പീക്കര്‍ ഡോളര്‍ അടക്കമുള്ള ബാഗ് കൈമാറിയതായും അതു കോണ്‍സുലേറ്റ് ജനറലിന് കൊടുക്കാന്‍ ആവശ്യപ്പെട്ടതായും സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ മൊഴി നല്‍കിയിരുന്നു. സ്വര്‍ണക്കടത്തില്‍ ഇപ്പോള്‍ കസ്റ്റംസ് ചോദ്യം ചെയ്യുന്ന നാസിലും സ്പീക്കറുടെ സുഹൃത്താണെന്നാണ് പുറത്തു വരുന്ന വാര്‍ത്ത. ഇയാളുടെ പേരിലുള്ള സിം കാര്‍ഡ് ആണ് സ്പീക്കര്‍ ഉപയോഗിക്കുന്നതെന്നതും ദുരൂഹമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

സ്പീക്കറുടെ ഓഫീസ് സ്റ്റാഫിനെ കസ്റ്റംസ് ചോദ്യം ചെയ്തു കഴിഞ്ഞു. സ്റ്റാഫിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ മൂന്ന് തവണ അദ്ദേഹം ഹാജരാകാന്‍ തയാറായില്ല എന്നത് സംശയാസ്പദമാണ്. നിയമസഭയിലെ അംഗങ്ങള്‍ക്ക് വേണ്ടിയുള്ള ചട്ടങ്ങള്‍ ഉപയോഗിച്ചാണ് സ്പീക്കര്‍ സ്വന്തം സ്റ്റാഫിനെ രക്ഷിക്കാന്‍ ശ്രമിച്ചത്. സ്പീക്കര്‍ എന്തൊക്കെയോ മറച്ചുവെക്കാന്‍ ശ്രമിക്കുന്നുണ്ട്. നിയമസഭാ മന്ദിര നിര്‍മാണത്തില്‍ കോടികളുടെ ധൂര്‍ത്താണ് നടന്നത്. ഊരാളുങ്കലിന് അനര്‍ഹമായി കരാര്‍ നല്‍കിയതും ധൂര്‍ത്തും അന്വേഷിക്കണമെന്നും സൂരേന്ദ്രന്‍ ആവശ്യപ്പെട്ടു.