വാഷിങ്ടന്‍ ഡി സി: കാപ്പിറ്റോളില്‍ നടന്ന ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ച പോലീസ് ഓഫീസര്‍ ശനിയാഴ്ച ആത്മഹത്യ ചെയ്തതായി കാപ്പിറ്റോള്‍ പോലീസ് വെളിപ്പെടുത്തി. ദീര്‍ഘകാലം സര്‍വീസുള്ള ഹൊവാര്‍ഡ് ലിബര്‍ഗുഡാണ് (51) മരിച്ചത്. മരണകാരണം പോലീസ് പുറത്തുവിട്ടിട്ടില്ല.

2005 ലാണ് സെനറ്റ് ഡിവിഷനിലേക്ക് ഇദ്ദേഹത്തെ നിയമിച്ചത്. മുന്‍ സെനറ്റ് സാര്‍ജന്റിന്റെ മകനാണ് ഹവാര്‍ഡ്. ജനുവരി 6ന് നടന്ന സംഭവവുമായി ബന്ധപ്പെട്ടാണോ മരണമെന്നും വ്യക്തമല്ല. കാപ്പിറ്റോള്‍ ആക്രമണത്തില്‍ ഒരു പോലീസ് ഓഫീസര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ നേരത്തെ മരിച്ചിരുന്നു. കാപ്പിറ്റോളില്‍ നടന്ന അനിഷ്ഠ സംഭവങ്ങളെ തുടര്‍ന്നു നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന കാപ്പിറ്റോള്‍ പോലീസിന് ഹൊവാര്‍ഡിന്റെ മരണം വലിയ ആഘാതമാണ് ഏല്‍പിച്ചിരിക്കുന്നത്.‌

കോണ്‍ഗ്രസ് അംഗങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിന് സഹപ്രവര്‍ത്തകരോടൊപ്പം പോരാടിയ ഇദ്ദേഹത്തിന്റെ വിയോഗം കാപ്പിറ്റോള്‍ പോലിസിനെ നിരാശയിലാഴ്ത്തി. ഓഫീസറുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.