ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയ ശക്തമായ നിലയിൽ. നാലാം ദിവസം ഉച്ചക്ക് പിരിയുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് എന്ന നിലയിലാണ് ആതിഥേയർ. ഇതോടെ നിലവിൽ ഓസ്ട്രേലിയക്ക് 276 റൺസ് ലീഡായി. സ്റ്റീവ് സ്മിത്ത് (58), കാമറൂൺ ഗ്രീൻ (20) എന്നിവരാണ് ക്രീസിൽ. ഡേവിഡ് വാർണർ (13), വിൽ പുകോവ്സ്കി (10), മാർനസ് ലബുഷെയ്ൻ (73), മാത്യു വെയ്ഡ് (4) എന്നിവരാണ് പുറത്തായത്.

2 വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് എന്ന നിലയിലാണ് നാലാം ദിനം ഓസ്ട്രേലിയ ബാറ്റിംഗ് ആരംഭിച്ചത്. 35 റൺസ് കൂടി എടുത്തപ്പോഴേക്കും അവർക്ക് ലബുഷെയ്നെ നഷ്ടമായി. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ താരത്തെ നവദീപ് സെയ്നി സബ്സ്റ്റിറ്റ്യൂട്ട് വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. 10 റൺസ് കൂടി സ്കോർബോർഡിൽ എത്തിയപ്പോഴേക്കും മാത്യു വെയ്ഡും വീണു. വെയ്ഡിനെയും സെയ്നി-സാഹ സഖ്യമാണ് മടക്കിയത്.

 

അഞ്ചാം വിക്കറ്റിൽ സ്മിത്തിനൊപ്പം ക്രീസിൽ ഒത്തുചേർന്ന കാമറൂൺ ഗ്രീൻ നന്നായി ബാറ്റ് ചെയ്തതോടെ ഓസ്ട്രേലിയ വീണ്ടും മത്സരത്തിലേക്ക് തിരികെയെത്തി. സ്മിത്തിന് മികച്ച പിന്തുണ നൽകിയ ഗ്രീൻ ഇന്ത്യൻ ബൗളർമാരെ ബുദ്ധിമൊട്ടൊന്നും കൂടാതെയാണ് നേരിട്ടത്. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ അപരാജിതമായ 34 റൺസിൻ്റെ കൂട്ടുകെട്ടും ഉയർത്തിയിട്ടുണ്ട്